'പള്ളിച്ചട്ടമ്പി' വീഡിയോയിൽ കയാദുലോഹർ സ്ക്രീൻ​ഗ്രാബ്
Malayalam

കയാദു പറയുന്നു: 'അതേ..ഞാനുമുണ്ട് പള്ളിച്ചട്ടമ്പിയിൽ...'

പപ്പപ്പ റിപ്പോര്‍ട്ടര്‍

'പള്ളിച്ചട്ടമ്പി'യുടെ ഭാ​ഗമായതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യൻ താരം കയാദു ലോഹർ. ചിത്രത്തിന്റെ അണിയറക്കാർ പുറത്തിറക്കിയ മനോഹരമായ വീഡിയോയിലൂടെയാണ് കയാദു മലയാളം പറഞ്ഞ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പുഴയോരത്ത് നിന്നുകൊണ്ട് 'അതേ..ഞാനുമുണ്ട് പള്ളിച്ചട്ടമ്പിയിൽ...'എന്നു പറയുന്ന താരം ഒടുവിൽ മീശപിരിക്കുന്നതുപോലെയുള്ള രസകരമായ ആം​ഗ്യവും കാണിക്കുന്നു. 'പള്ളിച്ചട്ടമ്പി'യിലെ നായകൻ ടോവിനോ തോമസ് ഉൾപ്പെടെയുള്ളവർ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

ജന​ഗണമന,ക്വീൻ,മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയൊരുക്കുന്ന പള്ളിച്ചട്ടമ്പി ഒരു പീരീഡ് സിനിമയാണ്. 1957-58കാലത്തെ കേരളത്തിലെ മലയോരമേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതമാണ് പ്രമേയം. ദാദാസാഹിബ്, ശിക്കാർ, ഒരുത്തീ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സ്രഷ്ടാവ് സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാഞ്ഞാർ, പൈനാവ്, മൂലമറ്റം തുടങ്ങി ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ചിത്രീകരണം.

'പള്ളിച്ചട്ടമ്പി' വീഡിയോയിൽ കയാദുലോഹർ

'ഡ്രാ​ഗൺ' എന്ന ചിത്രത്തിലൂടെ യുവത്വത്തിന്റെ ഹരമായി മാറിയ കയാദുവിന്റെ പള്ളിച്ചട്ടമ്പിയിലെ നായികാകഥാപാത്രം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. വിജയരാഘവൻ, തെലുങ്ക് നടൻ ശിവകുമാർ, സുധീർ കരമന, ജോണി ആൻ്റണി, ടി.ജി രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്ണൻ, വിനോദ് കെടാമംഗലം തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പഴയകാലഘട്ടത്തെ പുന:സൃഷ്ടിക്കേണ്ട ചിത്രത്തിൽ ദിലീപ് നാഥാണ് കലാസംവിധാനം നിർവഹിക്കുന്നത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാമും സിസിസി ബ്രദേഴ്സുമാണ് സഹനിര്‍മ്മാതാക്കള്‍.

സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം- ടിജോ ടോമി, എഡിറ്റിങ്- ശ്രീജിത്ത് സാരംഗ്, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂം- ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ- കിരൺ റാഫേൽ, റെനിത് രാജ്, ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ, പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നോബിൾ ജേക്കബ്, പ്രൊഡക്ഷൻ മാനേജേഴ്സ് എബി കോടിയാട്ട്,കാസ്റ്റിങ് ഡയറക്ടർ- ബിനോയ് നമ്പാല, ജെറി വിൻസൻ്റ്,സ്റ്റിൽസ്- ഋഷ് ലാൽ ഉണ്ണികൃഷ്ണൻ, പിആര്‍ഒ- വാഴൂർ ജോസ്.