മലയാള സിനിമയിലെ ബ്ലോക്ക് ബസ്റ്ററുകളിലൊന്നായ 'പ്രേമം' (2015) പുറത്തിറങ്ങി പത്തു വര്‍ഷത്തിനുശേഷം നടന്‍ നിവിന്‍ പോളിയും സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. നിവിന്റെ കരിയറിലെ 50-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് 'വിജയം' എന്നാണ് പേരിട്ടിരിക്കുന്നത്.
നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും സംവിധായകന്റെ തൊപ്പി അണിയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഒപ്പം അതീവ രസകരമായ ഒരു അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
ഏകദേശം നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള, പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്ന ഒരു വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. വിജനമായ റോഡില്‍ ലിഫ്റ്റ് കിട്ടാതെ നില്‍ക്കുന്ന അല്‍ഫോണ്‍സ് പുത്രനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഇതിനിടയില്‍ കുറച്ചു പേര്‍ റേസിങ് ബൈക്കുകളില്‍ അല്‍ഫോണ്‍സിനെ ശ്രദ്ധിക്കാതെ കടന്നുപോകുന്നു. തുടര്‍ന്ന് റോഡരികിലെ പ്രാണികളുടെയും ഉറുമ്പുകളുടെയും ചിത്രം ഫോണില്‍ പകര്‍ത്താന്‍ തുടങ്ങുന്ന അല്‍ഫോണ്‍സിന് മുന്നിലേക്ക് മറ്റൊരു ബൈക്ക് റേസര്‍ വരികയും ഹെല്‍മറ്റ് മാറ്റുമ്പോള്‍ അത് നിവിന്‍ പോളിയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു.
എന്താണ് ചെയ്യുന്നതെന്ന നിവിന്റെ ചോദ്യത്തിന്, താന്‍ പ്രാണികളുടെ പടമെടുക്കുകയാണെന്ന് അല്‍ഫോണ്‍സ് മറുപടി നല്‍കുന്നു. അല്‍ഫോണ്‍സിന്റെ മുന്‍ ചിത്രമായ 'ഗോള്‍ഡ്' (2022) നേരിട്ട ചില വിമര്‍ശനങ്ങളെയും ട്രോളുകളെയും പരോക്ഷമായി കളിയാക്കിക്കൊണ്ടുള്ള നിവിന്‍ പോളിയുടെ കൗണ്ടറുകളാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം. സിനിമയുടെ കഥയെക്കുറിച്ച് സൂചനകളൊന്നുമില്ലെങ്കിലും, ചിത്രത്തിന്റെ പ്രമേയം റേസിങ്ങുമായി ബന്ധപ്പെട്ടതാണെന്നാണ് അനൗണ്‍സ്‌മെന്റ് വീഡിയോ നല്‍കുന്ന സൂചന.
'നേരം' (2013), 'പ്രേമം' (2015) എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണിത്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഹിറ്റ് കോംബോയുടെ തിരിച്ചുവരവ് സിനിമാലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നിവിൻപോളിയുടെ അമ്പതാമത് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് 'വിജയ'ത്തിന്.
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത 'പ്രതിച്ഛായ' (2026) എന്ന ചിത്രമാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന 'ബത്‍ലഹേം കുടുംബ യൂണിറ്റ്'ഓണം റിലീസിനായി ഒരുങ്ങുകയാണ്.