Malayalam

ജന്മദിനത്തിൽ നിവിന് 'NP 51' ന്റെ 'വിജയാ'ശംസകൾ

പപ്പപ്പ ഡസ്‌ക്‌

നിവിന്‍ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച്, ചിത്രീകരണം പുരോഗമിക്കുന്ന 'NP 51'-ലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കട്ടിത്താടിയും ക്രീം കളര്‍ ടി-ഷര്‍ട്ടും ധരിച്ച്, കൈയില്‍ പത്രവുമായി സോഫയില്‍ ഇരിക്കുന്ന നിവിന്‍ പോളിയുടെ ഗൗരവമാര്‍ന്ന ലുക്കാണ് പോസ്റ്ററിലുള്ളത്.

'പ്രേമ'ത്തിനുശേഷം അൽഫോൺസ് പുത്രനും നിവിനും ഒന്നിക്കുന്ന 'വിജയം' എന്ന സിനിമയുടെ അണിയറപ്രവർത്തകരും നായകന് ജന്മദിനാശംസ നേർന്ന് പ്രത്യേക പോസ്റ്റർ പുറത്തിറക്കി. നിവിന്റെ കരിയറിലെ 50-ാം ചിത്രമായി ഒരുങ്ങുന്ന സിനിമയാണിത്.

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന്റെ സഹരചയിതാവായ നാഷിദ് ഫാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷിദും നിധിന്‍ നഗേഷും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 'കാന്താര: ചാപ്റ്റര്‍ 1' ചിത്രത്തിലൂടെ ശ്രദ്ധേയയായ കന്നഡ നടി രുക്മിണി വസന്ത് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന്. കോമഡിക്കും പ്രണയത്തിനും പ്രാധാന്യമുള്ള കുടുംബചിത്രമാണിത്.

'NP 51'ഫസ്റ്റ് ലുക്ക് പോസ്റ്റർ

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സിന്റെ സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അജു വര്‍ഗീസ്, ജഗദീഷ്, കലാരഞ്ജിനി, അശോകന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഇലക്ട്രോണിക് കിളിയാണ് സംഗീതം. 2027 ഏപ്രിലില്‍ വിഷു റിലീസായി തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.

നിവിൻപോളിക്ക് ജന്മദിനാംശ നേർന്ന് 'വിജയം' ടീം പുറത്തിറക്കിയ പോസ്റ്റർ

'നേരം' (2013), 'പ്രേമം' (2015) എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം നിവിൻ-അൽഫോൺസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് വിജയം. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഹിറ്റ് കോംബോയുടെ തിരിച്ചുവരവ് സിനിമാലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.