ഒരു നല്ല സിനിമ അല്ലെങ്കില്‍ സീരീസ് ജനിക്കുന്നത് മികച്ച എഴുത്തുകാരന്റെ തൂലികത്തുമ്പില്‍ നിന്നാണ്. എന്നാല്‍, മലയാളത്തിലെയോ ഇന്ത്യന്‍ സിനിമയിലെയോ മികച്ച കഥാകൃത്തുക്കള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കാനോ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനോ പലപ്പോഴും അവസരങ്ങള്‍ ലഭിക്കാറില്ല. ഈയൊരു പ്രതിസന്ധിക്കാണ് ഒടിടി ഭീമന്മാരായ നെറ്റ്ഫ്ലിക്സ് പരിഹാരവുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ വളര്‍ന്നുവരുന്ന തിരക്കഥാകൃത്തുക്കള്‍ക്കായി 'നെറ്റ്ഫ്ലിക്സ് നെക്സ്റ്റ്‌ജെന്‍ ഇന്ത്യ റൈറ്റേഴ്‌സ് പ്രോഗ്രാം' എന്ന വലിയ പദ്ധതിക്കു തുടക്കമിട്ടുകൊണ്ടാണത്.
ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്ലിക്സ് ആഗോള പ്രതിഭാ വേട്ട പദ്ധതി എത്തിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. തങ്ങളുടെ മൗലികമായ ആശയങ്ങള്‍ ആഗോള പ്ലാറ്റ്ഫോമിന് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാന്‍ ആഗ്രഹിക്കുന്ന തുടക്കക്കാരായ എഴുത്തുകാര്‍ക്ക് ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്താം.
സിനിമയിലോ, ടെലിവിഷന്‍ മേഖലയിലോ, ഒടിടിയിലോ തിരക്കഥാരംഗത്ത് പരമാവധി മൂന്ന് വര്‍ഷം പ്രവൃത്തിപരിചയമുള്ള തുടക്കക്കാരായ എഴുത്തുകാര്‍ക്കാണ് അവസരം. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ഹൈബ്രിഡ് (ഓണ്‍ലൈന്‍ - ഓഫ് ലൈൻ) വര്‍ക്ക്ഷോപ്പുകളാണ് ഇതിന്റെ ഭാഗമായി നടക്കുക.
തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാര്‍ക്ക് പ്രമുഖ അന്താരാഷ്ട്ര-പ്രാദേശിക സിനിമാ പ്രവര്‍ത്തകരുടെയും ഷോ റണ്ണര്‍മാരുടെയും നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കഥകള്‍ വികസിപ്പിക്കാനുള്ള അപൂര്‍വ അവസരമാണ് ലഭിക്കുക. വെറുമൊരു കഥ എന്നതിനപ്പുറം ഒരു വലിയ വെബ് സീരീസിന്റെ പൂര്‍ണരൂപം എങ്ങനെ പ്രൊഫഷണലായി തയാറാക്കാം എന്നതിലായിരിക്കും പ്രോഗ്രാം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഹോളിവുഡിലെ പ്രശസ്ത ടെലിവിഷന്‍ തിരക്കഥാകൃത്ത് ബാര്‍ബറ നാന്‍സ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഇതിന്റെ ഭാഗമായി ക്ലാസുകളെടുക്കാന്‍ എത്തുന്നുണ്ട്.
മുമ്പും ഇന്ത്യയിലെ പുതിയ പ്രതിഭകളെ നെറ്റ്ഫ്ലിക്സ് വലിയ രീതിയില്‍ പിന്തുണച്ചിട്ടുണ്ട്. 'ദ് റെയില്‍വേ മെന്‍' പോലുള്ള ഹിറ്റ് സീരീസുകള്‍ ഇതിന് ഉദാഹരണമാണ്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തില്‍നിന്നും പ്രാദേശിക പശ്ചാത്തലത്തില്‍നിന്നും ഉയര്‍ന്നുവരുന്ന വേറിട്ട ശബ്ദങ്ങളെയും കഥകളെയും കണ്ടെത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെര്‍ഗില്‍ വ്യക്തമാക്കി.
'ഓരോ മികച്ച കഥയ്ക്ക് പിന്നിലും ഒരു എഴുത്തുകാരനുണ്ട്. ഇന്ത്യയെപ്പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്ത്, അസാധാരണമായ കഥകള്‍ പറയാന്‍ കാത്തിരിക്കുന്ന നിരവധി പേരുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ക്ക് ഇതുവരെ അതിനുള്ള ശരിയായ അവസരം ലഭിച്ചിട്ടില്ലെന്നുമാത്രം. പുതിയ എഴുത്തുകാരെ കണ്ടെത്താനും അവരുടെ കഴിവിനെ വളര്‍ത്താനും ആവശ്യമായ ഇടം നല്‍കാനുമാണു ശ്രമിക്കുന്നത്. ഇന്ത്യന്‍ വിനോദലോകത്തിന്റെ അടുത്ത അധ്യായം എഴുതുക പുത്തന്‍ കാഴ്ചപ്പാടുള്ള ഈ പുതിയ കഥാകൃത്തുക്കളായിരിക്കും'- മോണിക്ക ഷെര്‍ഗില്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഒന്ന് ആണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. വിശദമായ പരിശോധനകള്‍ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന എഴുത്തുകാരുടെ പേരുകള്‍ ഡിസംബര്‍ 15-ന് പ്രഖ്യാപിക്കും. തുടര്‍ന്ന് അടുത്ത വര്‍ഷം ഫെബ്രുവരി മുതലായിരിക്കും പ്രത്യേക റൈറ്റേഴ്‌സ് വര്‍ക്ക്ഷോപ്പുകള്‍ ആരംഭിക്കുക. ഒറിജിനല്‍ ആശയങ്ങളുള്ള ഏതൊരു മലയാളി തിരക്കഥാകൃത്തിനും തങ്ങളുടെ കഥകള്‍ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാനുള്ള മികച്ച ചവിട്ടുപടിയാണിത്.