'നേര്' പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'നേര്' ബോളിവുഡിലേക്ക്; സംവിധാനം ജീത്തു ജോസഫ്, നായകന്‍ അജയ് ദേവ്ഗണ്‍?

പപ്പപ്പ റിപ്പോര്‍ട്ടര്‍

ദൃശ്യത്തിലൂടെ ചരിത്രം കുറിച്ച ജീത്തു ജോസഫ്-മോഹന്‍ലാല്‍ കോമ്പോയിലെ മറ്റൊരു ജനപ്രിയ ഹിറ്റ് ആയിരുന്നു, കോര്‍ട്ട് റൂം ഡ്രാമയായ 'നേര്'. വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രത്തിലൂടെ മോഹൻലാൽ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയാണ് വാര്‍ത്ത പങ്കുവച്ചത്.

മലയാളം പതിപ്പ് ഒരുക്കിയ ജീത്തു ജോസഫ് തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ആരാധകര്‍ ഏറെ കാത്തിരുന്ന നേരിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നതായി ശാന്തി പറഞ്ഞു. എന്നാല്‍, മികച്ചൊരു പ്രമേയം ലഭിക്കാത്തതിനാല്‍ രണ്ടാം ഭാഗം മാറ്റിവയ്ക്കുകയായിരുന്നു. തിരക്കഥാകൃത്ത് എന്ന നിലയില്‍ തനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയ ചിത്രമാണ് നേരെന്നും, ഹിന്ദി പ്രോജക്ടിന്റെ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി വരികയാണെന്നും ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ശാന്തി പറഞ്ഞു.

'നേരി'ന്റെ ചിത്രീകരണത്തിനിടെ മോഹൻലാലിനും ജീത്തു ജോസഫിനുമൊപ്പം ശാന്തി മായാദേവി

ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കൊപ്പം മോഹന്‍ലാലിനോടുള്ള തന്റെ ആരാധനയെക്കുറിച്ചും ശാന്തി മനസുതുറന്നു. കുട്ടിക്കാലത്ത് കിലുക്കം കണ്ടപ്പോള്‍ രേവതി അവതരിപ്പിച്ച കഥാപാത്രമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. 'ജീത്തു സാറിന്റെ സിനിമയുടെ സെറ്റില്‍ വച്ചാണ് ലാലേട്ടനെ ആദ്യമായി കാണുന്നത്. അദ്ദേഹത്തോടൊപ്പം സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചെങ്കിലും, ലാലേട്ടനെ കാണുമ്പോഴുള്ള ആ പഴയ അത്ഭുതം ഇപ്പോഴും മാറിയിട്ടില്ല'-ശാന്തി പറഞ്ഞു.

'നേരി'ന്റെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പം ശാന്തി മായാദേവി

2023 ഡിസംബറില്‍ പുറത്തിറങ്ങിയ 'നേര്' ഒരു കോര്‍ട്ട് റൂം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരുന്നു. അനശ്വര രാജന്റെ മികച്ച പ്രകടനവും മോഹൻലാലിന്റെ തിരിച്ചുവരവും ആഘോഷിക്കപ്പെട്ട ചിത്രം 86 കോടിയോളമാണ് ആഗോളതലത്തില്‍ നേടിയത്. പ്രിയാമണി, സിദ്ദിഖ്, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. ഹിന്ദിയില്‍ വിജയമോഹനായി ആരെത്തും എന്ന ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകര്‍. അതേസമയം, ദൃശ്യം സിനിമയുടെ ഹിന്ദി റീമേക്കില്‍ മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിയെ അനശ്വരനാക്കിയ അജയ് ദേവ്ഗണ്‍ ആയിരിക്കും നേരിന്റെ ഹിന്ദി പതിപ്പിലെ നായകന്‍ എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.