മോഹൻലാലിനൊപ്പം ദിലീഷ് പോത്തൻ,ശ്യാംപുഷ്കരൻ,പോൾസൺ സ്കറിയ,അച്ചു ബേബി ജോൺ എന്നിവർ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

ഒടുവിൽ ആ നെടുങ്കൻ മിറാക്കിൾ...'നെടുങ്കണ്ടം മിറാക്കളു'മായി മോഹൻലാലും ദിലീഷ്പോത്തനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള ചലച്ചിത്രാസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വലിയ പ്രഖ്യാപനമെത്തി! മോഹന്‍ലാലും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടു. 'നെടുങ്കണ്ടം മിറാക്കിള്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടത്തിയത്. കൗതുകമുണർത്തുന്ന അനൗൺസ്മെന്റ് പോസ്റ്ററിൽ മോഹൻലാലിന്റെയുൾപ്പെടെയുള്ള കഥാപാത്രങ്ങൾക്ക് മുഖമില്ല. കുടുംബപശ്ചാത്തലത്തിലുള്ള സിനിമയാണ് എന്ന സൂചനയാണ് ഇതിലുള്ളത്.

'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിനുശേഷം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ ആണു ചിത്രം നിര്‍മിക്കുന്നത്. ഭാവന റിലീസ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക. ദിലീഷ് പോത്തന്‍ ചിത്രങ്ങളുടെ സ്ഥിരം രചയിതാവ് ശ്യാം പുഷ്‌കരന്‍ തന്നെയാണു തിരക്കഥയൊരുക്കുന്നത്. ശ്യാമിനൊപ്പം പോള്‍സണ്‍ സ്‌കറിയയും തിരക്കഥാ രചനയില്‍ പങ്കാളിയാകുന്നുണ്ട്.

'നെടുങ്കണ്ടം മിറാക്കിള്‍'അനൗൺസ്മെന്റ് പോസ്റ്റർ

മലയാളത്തിലെ ഏറ്റവും മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരനാണ്. അജയന്‍ ചാലിശേരി പ്രൊഡക്ഷന്‍ ഡിസൈനായും റോണക്‌സ് സേവ്യര്‍ മേക്കപ്പ് വിഭാഗത്തിലും അണിനിരക്കുന്നു.

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ജോജി' എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും സിനിമാ ലോകവും. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. സിനിമയുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.