Malayalam

ദേശീയ പുരസ്കാര വിതരണച്ചടങ്ങ് ​ഗുജറാത്തിൽ; ചരിത്രത്തിലാദ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിന് ന്യൂഡൽഹിക്ക് പുറത്തുള്ള ഒരു ന​ഗരം വേദിയാകുന്നു. ​ഗുജറാത്തിലെ, ഏക്താ ന​ഗർ എന്നുപേരുമാറ്റിയ കെവാഡിയയാണ് പുതിയ വേദി. സർദാർ വല്ലഭായി പട്ടേലിന്റെ സ്മരണാർഥമുള്ള സ്റ്റാച്യു ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്ന സ്ഥലമെന്ന നിലയിലാണ് ഏക്താന​ഗറിന് പ്രസക്തി. സെപ്റ്റംബർ 22ന് ആണ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കും. ഇത്തവണ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ്.

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരങ്ങളിലൊന്നാണ് ദേശീയ ചലച്ചിത്ര പുരസ്കാരം. രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിലാണ് വർഷങ്ങളായി ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് സംഘടിപ്പിക്കുന്നത്. പക്ഷേ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് രാജ്യതലസ്ഥാനത്തിന് പുറത്തേക്ക് മാറ്റുകയാണ്. 72-ാംദേശീയ ചലച്ചിത്ര പുരസ്കാരവിതരണമാണ് ഇത്തവണത്തേത്.

ഈ മാസം അവസാനം നടക്കുന്ന ഗുജറാത്ത് സന്ദർശനത്തിനിടെയാണ് രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്കാരങ്ങൾ സമ്മാനിക്കുകയെന്നാണ് വിവരം. സന്ദർശനത്തിന്റെ ഭാഗമായി ഏകതാനഗറിലെത്തുന്ന രാഷ്ട്രപതി അവിടെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

2023-ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം റാണി മുഖർജി രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് സ്വീകരിക്കുന്നു

അതേസമയം, ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് ഗുജറാത്തിലേക്ക് മാറ്റിയതിൽ ഇതിനകം ചർച്ചകളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. പുരസ്കാരച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഗുജറാത്തിനെ തന്നെ വേദിയായി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുമാണ് ചിലരുടെ ചോദ്യം. എന്നാൽ ഇതിൽ വിമർശിക്കേണ്ടതായി യാതൊന്നുമില്ലെന്നും ​പുതിയ ഒരിടത്തേക്ക് മാറ്റുന്നത് രാഷ്ട്രീയപരമായി കാണേണ്ടതില്ലെന്നുമാണ് മറുവാദം.