ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി,റാണി മുഖർജി  ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്, വിക്കിപ്പീ‍ഡിയ
Malayalam

ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണിമുഖർജി നടി,വിജയരാ​ഘവനും ഉർവശിയും സഹനടനും നടിയും

പപ്പപ്പ റിപ്പോര്‍ട്ടര്‍

2023-ലെ മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. റാണിമുഖർജിയാണ് മികച്ച നടി. 'ഉള്ളൊഴുക്കി'ലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. 'പൂക്കാല'ത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം നേടി. 'കേരള സ്റ്റോറി' സംവിധാനം ചെയ്ത സുദീപ്തോ സെൻ ആണ് മികച്ച സംവിധായകൻ. 'ട്വൽത് ഫെയിൽ' ആണ് മികച്ച സിനിമ.

വിജയരാഘവൻ

'ജവാനി'ലെ പ്രകടനം ഷാരൂഖിന് പുരസ്കാരം നേടിക്കൊടുത്തപ്പോൾ 'ട്വൽത് ഫെയിലി'ലെ പ്രകടനമാണ് വിക്രാന്തിനെ മികച്ച നടനാക്കിയത്. 'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ'യാണ് റാണിക്ക് കരിയറിൽ ആദ്യമായി പുരസ്കാരം സമ്മാനിച്ചത്. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്കാ'ണ് മികച്ച മലയാളസിനിമ. 'പൂക്കാല'ത്തിലെ മിഥുൻ മുരളി മികച്ച എഡിറ്ററും '2018'-ലൂടെ മോഹൻദാസ് മികച്ച പ്രൊഡക്ഷൻ ഡിസൈനറുമായി. 'അനിമലി'ലൂടെ സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും മികച്ച സൗണ്ട് ഡിസൈനിങ്ങിനുള്ള അവാർഡ് നേടി. എം.ആർ.രാജകൃഷ്ണന് പ്രത്യേക ജൂറി പരാമർശമുണ്ട്. നോൺ-ഫീച്ചർ ഫിലിം വിഭാ​ഗത്തിൽ എം കെ രാമദാസ് സംവിധാനം ചെയ്ത നെകൽ - നെല്ലു മനുഷ്യൻ്റെ കഥയ്ക്ക് (മലയാളം) പ്രത്യേക ജൂറി പരാമർശം ലഭിച്ചു.

ഉർവശി

വിജയരാഘവന് ആദ്യമായാണ് ദേശീയപുരസ്കാരം ലഭിക്കുന്നത്. തമിഴ് ചിത്രം 'പാർക്കിങ്ങി'ലെ പ്രകടനത്തിന് എം.എസ്.ഭാസ്കറും വിജയരാഘവനൊപ്പം സഹനടനുള്ള പുരസ്കാരം പങ്കിട്ടു. 'ഉള്ളൊഴുക്കി'ലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഉർവശിക്ക് രണ്ടാം തവണയാണ് ദേശീയ പുരസ്കാരം കിട്ടുന്നത്. ​ഗുജറാത്തി സിനിമ 'വശി'ലെ പ്രകടനം ജാനകി ബോഡിവാല ഉർവശിക്കൊപ്പം സഹനടിക്കുള്ള അവാർഡ് പങ്കിട്ടു.

'ജവാനി'ൽ ഇരട്ടവേഷത്തിലായിരുന്നു ഷാരൂഖിന്റെ പ്രകടനം. പന്ത്രണ്ടാം ക്ലാസിൽ പരാജയപ്പെട്ടിട്ടും കഠിന ശ്രമങ്ങളിലൂടെ സിവിൽസർവീസ് പരീക്ഷയിൽ വിജയിയാകുന്ന മനോജ് കുമാർ ശർമ എന്ന കഥാപാത്രത്തെയാണ് ട്വൽത് ഫെയിലിൽ വിക്രാന്ത് മാസി അവതരിപ്പിച്ചത്. ബോക്സ് ഓഫീസ് ഹിറ്റായ ഈ ചിത്രം നിരൂപകപ്രശംസയും പിടിച്ചുപറ്റി. നോർവേയിലേക്ക് ഇന്ത്യയിൽ നിന്ന് കുടിയേറിയ ദമ്പതികളായ അനുരൂപ് ഭട്ടാചാര്യയുടെയും സാ​ഗരി​ഗ ചക്രവർത്തിയുടെയും ജീവിതകഥയാണ് മിസിസ് ചാറ്റർജി വേഴ്സസ് നോർവേക്ക് ആധാരം. ബാലപീഡനം ആരോപിച്ച് നോർവീജിയൻ അധികാരികൾ തങ്ങളിൽനിന്ന് ഏറ്റെടുത്തു കൊണ്ടുപോയ കുട്ടിയെ വീണ്ടുകിട്ടാനുള്ള ഇവരുടെ ശ്രമങ്ങളാണ് കഥാതന്തു. ചിത്രത്തിൽ സാ​ഗരികയുടെ പ്രതിരൂപമായ ദേവിക എന്ന കഥാപാത്രത്തെയാണ് റാണി അവതരിപ്പിച്ചത്.