നസ്‌ലിന്‍, 'ദ്യു' പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

പുതിയ 'ബാച്ച്ലര്‍ പാർട്ടി'യിൽ 'സോണി'യായി നസ്‌ലിന്‍

പപ്പപ്പ ഡസ്‌ക്‌

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാച്ച്ലര്‍ പാര്‍ട്ടി ദ്യു'(D'eux)-ലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് നടന്‍ നസ്‌ലിന്‍. ഉടൻ തിയേറ്ററുകളിലെത്തുന്ന മോളിവുഡ് ടൈംസിന്റെ പ്രചരാണാർഥം നല്കിയ അഭിമുഖത്തിലാണ് തന്റെ കഥാപാത്രത്തെയും കൂടെയഭിനയിക്കുന്ന പ്രധാന താരങ്ങളെയും കുറിച്ച് യുവതാരം മനസുതുറന്നത്.

ചിത്രത്തില്‍ 'സോണി' എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് നസ്‌ലിന്‍ വെളിപ്പെടുത്തി. സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാര്‍ എന്നിവരടങ്ങുന്ന പ്രധാന ഗാങ്ങിന്റെ ഭാഗമാണ് സോണിയെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയുടെ കഥയെക്കുറിച്ചോ മറ്റ് കൂടുതല്‍ വിവരങ്ങളോ പങ്കുവയ്ക്കാന്‍ നസ്‌ലിന്‍ തയ്യാറായില്ല.

'ദ്യു' പാക്കപ്പ് പോസ്റ്റർ

അമല്‍ നീരദ് പ്രൊഡക്ഷന്‍സിനൊപ്പം ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. രജിഷ വിജയന്‍, ഹന്‍സിക കൃഷ്ണ എന്നിവരാണു നായികമാര്‍. 'Deux' എന്നതിന് 'രണ്ട്' എന്നാണ് ഫ്രഞ്ച് ഭാഷയിൽ അർഥം. 'D'eux' എന്നാൽ 'അവരിൽ' അല്ലെങ്കിൽ 'അവരെക്കുറിച്ച്' എന്നർഥം.

'ബാച്ച്ലര്‍ പാര്‍ട്ടി' പോസ്റ്റർ

2012ല്‍ പുറത്തിറങ്ങിയ, ആസിഫ് അലി, കലാഭവന്‍ മണി, റഹ്‌മാന്‍, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ തകര്‍ത്തഭിനയിച്ച 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ നേരിട്ടുള്ള രണ്ടാം ഭാഗമാണോ അതോ മറ്റൊരു പശ്ചാത്തലത്തിലുള്ള സിനിമയാണോ ഇതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. കുഞ്ചാക്കോ ബോബനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ വില്ലന്‍ വേഷങ്ങളിലെത്തുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.