'ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍' അനൗൺസ്മെന്റ് പോസ്റ്റർ അറേഞ്ച്ഡ്
Malayalam

മമ്മൂട്ടിയുമൊത്തുള്ള 'ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍' ഉപേക്ഷിച്ചെന്ന് നാദിർഷ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളത്തിലെ ജനപ്രിയ സംവിധായകനായ നാദിര്‍ഷ, മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച 'ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍' എന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ആഷിഖ് ഉസ്മാന്‍ നിര്‍മാണം ഏറ്റെടുത്ത പ്രോജക്ട് പാതിവഴിയില്‍ നിലച്ചുപോയതില്‍ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. ഇപ്പോള്‍, ആ സിനിമയ്ക്ക് എന്തു സംഭവിച്ചുവെന്നു വെളിപ്പെടുത്തുകയാണു നാദിര്‍ഷ.

'ആ കഥയുടെ കാലം കഴിഞ്ഞു...'-ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നാദിര്‍ഷ പറഞ്ഞു. '2017-18 കാലഘട്ടത്തിലാണ് മമ്മൂക്കയോട് കഥ പറയുന്നത്. കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി, ഏറെ ചിരിക്കുകയും ചെയ്തു. ചിത്രം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതുമാണ്. എന്നാല്‍ പിന്നീടു പല കാരണങ്ങളാല്‍ നീണ്ടുപോയി. ഇന്ന് ആ കഥ ചെയ്യാന്‍ കഴിയില്ല, അതിന്റെ സമയം കഴിഞ്ഞുപോയി. മമ്മൂക്ക അല്ലാതെ മറ്റൊരു താരത്തിനും ആ വേഷം ഇണങ്ങില്ലായിരുന്നു.' അതുകൊണ്ട് പ്രോജക്ട് തങ്ങള്‍ ഉപേക്ഷിച്ചുവെന്നും നാദിര്‍ഷ പറഞ്ഞു.

മമ്മൂട്ടിക്കൊപ്പം നാദിർഷ

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന 'മാജിക് മഷ്‌റൂംസ്' ആണ് നാദിര്‍ഷായുടെ പുതിയ സിനിമ. ചിത്രം പക്കാ ഫണ്‍ ഫാമിലി ഫാന്റസി എന്റര്‍ടൈനറാണ്. ആദ്യാവസാനം ചിരി നിറയ്ക്കുന്ന ഒന്നായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ ഇതിനോടകം സൂചന നല്‍കിക്കഴിഞ്ഞു. അക്ഷയ ഉദയകുമാര്‍ ആണ് ചിത്രത്തിലെ നായിക. നവാഗതനായ ആകാശ് ദേവ് ആണ് തിരക്കഥയൊരുക്കുന്നത്.

മാജിക് മഷ്റൂംസ് പോസ്റ്റർ അറേഞ്ച്ഡ്

വലിയ താരനിര തന്നെയുണ്ട് ചിത്രത്തില്‍. ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സിദ്ധാര്‍ഥ് ഭരതന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും വെള്ളിത്തിരയിലെത്തുന്നു. സംഗീതത്തിനു പ്രാധാന്യമുള്ള ചിത്രത്തിനായി ശ്രേയ ഘോഷാല്‍, കെ.എസ്. ചിത്ര, ശങ്കര്‍ മഹാദേവന്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, റിമി ടോമി എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.