പ്രണവ്,മോഹൻലാൽ,വിസ്മയ ഫോട്ടോ-ഫേസ്ബുക്ക്
Malayalam

നക്ഷത്രമായി മായ, ലാലാകാശത്ത് ഇനി വിസ്മയദൃശ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

'നക്ഷത്രധൂളികൾ' എന്നാണ് വിസ്മയ മോഹൻലാലിന്റെ കവിതാസമാഹാരത്തിന്റെ പേര്. അച്ഛനും ജ്യേഷ്ഠനും പിന്നാലെ വിസ്മയയും നക്ഷത്രമാകാനൊരുങ്ങുമ്പോൾ പിറക്കുന്നത് പുതിയ ചരിത്രമാണ്. മലയാളത്തിന്റെ താരാകാശത്ത് ഇനി മോഹൻലാലിന്റെ മകനും മകളും.

വിസ്മയയ്ക്ക് വേണ്ടി കരുതിവച്ചിരുന്നപേരുപോലെ തോന്നും സിനിമയുടെ ടൈറ്റിൽ കാണുമ്പോൾ-'തുടക്കം'. ജൂഡ് ആന്റണി ജോസഫ് ആണ് കഥയും തിരക്കഥയും സംവിധാനവും. പ്രിയപ്പെട്ട മായയുടെ തിരനോട്ടത്തിന് ആശിർവാദ് തന്നെ അരങ്ങൊരുക്കുന്നു. ആശിർവാദ് സിനിമാസിന്റെ 37-ം ചിത്രം.

ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടേയുള്ളൂവെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ 'പപ്പപ്പ ഡോട് കോമി'നോട് പറഞ്ഞു. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി. പക്ഷേ അന്തിമതീരുമാനമായിട്ടില്ലെന്നും ആന്റണി പറഞ്ഞു. ആന്റണിയുടെ മകൻ ആശിഷ് ജോ ആന്റണി ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് സിനിമയുടെ പ്രഖ്യാപനമുണ്ടായതിന് പിന്നാലെ വാർത്ത പരന്നിരുന്നു. എന്നാൽ അഭിനേതാക്കളുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നാണ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.

1.മോഹൻലാലും വിസ്മയയും 2.മോഹൻലാൽ,വിസ്മയ,സുചിത്ര,പ്രണവ്

ഒക്ടോബറിലാണ് 'തുടക്ക'ത്തിന്റെ ഷൂട്ടിങ് എങ്കിൽ ആശിർവാദിന്റെ രണ്ടുസിനിമകൾക്ക് ഒരേസമയം തുടക്കമാകും. മോഹൻലാൽ തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വിജയനായകരിലൊരാളായ ജോർജ് കുട്ടിയായി മൂന്നാംവട്ടം വേഷമിടുമ്പോൾ വിസ്മയ അഭിനയത്തിലേക്ക് ആദ്യ ചുവടുവയ്ക്കും. ഒരു വിസ്മയ ദൃശ്യത്തുടക്കം.

പ്രിയപ്പെട്ട മായയ്ക്ക് ആശംസനേർന്ന് സ്നേഹാക്ഷരങ്ങളാൽ ലാൽ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ: 'പ്രിയപ്പെട്ട മായക്കുട്ടീ...സിനിമയോട് ജീവിതം മുഴുവൻ നീളുന്ന ഇഷ്ടത്തിന്റെ ആദ്യ ചുവടാകട്ടെ ഈ തുടക്കം. '

'എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക് എല്ലാം പ്രാർഥനകളും. ഒരു മികച്ച തുടക്കം നേരുന്നു..'എന്നാണ് കുട്ടിയായിരുന്ന വിസ്മയയെ എടുത്തുകൊണ്ടുനില്കുന്ന ചിത്രത്തിനൊപ്പം ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചത്.

കുട്ടിക്കാലത്ത് വിസ്മയയുമായി ആന്റണിപെരുമ്പാവൂർ

'കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ' എന്നായിരുന്നു സംവിധായകൻ ജൂ‍ഡ് ആന്റണി ജോസഫിന്റെ വാക്കുകൾ. ജൂഡിന്റെ ഫേസ് ബുക്ക് കുറിപ്പ്: 'ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ച് ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു 'ആന്റണി -ജൂഡ്' 'തുടക്ക'മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.'

വിസ്മയ ആയോധന കലകളിൽ പ്രാവീണ്യം നേടിയിട്ടുള്ളതിനാൽ അതുമായി ബന്ധപ്പെട്ട ചിത്രമാകും എന്ന രീതിയിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. ടൈറ്റിൽഫോണ്ടിൽ കരാട്ടെയെ സൂചിപ്പിക്കുന്ന അംശങ്ങളും ചിലർ കണ്ടെത്തുന്നു. പ്രണവ് മോഹൻലാൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമാലോകത്തുനിന്ന് അകന്ന് തന്റേതായ ലോകത്തായിരുന്നു വിസ്മയ ഇതുവരെ. കവിതയെഴുത്തും ചിത്രരചനയുമൊക്കെയായിരുന്നു ഇഷ്ടങ്ങൾ. വിസ്മയയുടെ ​'ഗ്രെയിൻസ് ഓഫ് സ്റ്റാർ ഡസ്റ്റ്' എന്ന കവിതാസമാഹാരം പെൻ​ഗ്വിൻ പ്രസിദ്ധീകരിച്ചിരുന്നു. 'നക്ഷത്രധൂളികൾ' എന്ന പേരിൽ കവയിത്രി റോസ്മേരി ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മാതൃഭൂമി ബുക്സ് ആണ് മലയാളപരിഭാഷയുടെ പ്രസാധകർ. മോഹൻലാലാണ് പുസ്തകത്തിന് ആമുഖമെഴുതിയത്.