മലയാള സിനിമയ്ക്ക് ചരിത്രനിമിഷം സമ്മാനിച്ചുകൊണ്ട് മോഹൻലാൽ ദാദാ സാഹിബ് ഫാൽക്കേ അവാർഡ് ഏറ്റുവാങ്ങി. ഡൽഹി വിജ്ഞാൻഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് ലാൽ പുരസ്കാരം സ്വീകരിച്ചത്. 2023-ലെ ഫാൽക്കേ അവാർഡാണ് അദ്ദേഹത്തിന് ലഭിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പമാണ് ഇത്തവണ ഫാൽക്കെ അവാർഡും നല്കിയത്.
കൊച്ചിയിൽ ദൃശ്യം-3ന്റെ ചിത്രീകരണത്തിന് തുടക്കമിട്ട ശേഷമാണ് മോഹൻലാൽ അവാർഡ് ഏറ്റുവാങ്ങാൻ ഡൽഹിയിലെത്തിയത്. അവാര്‍ഡ് സ്വീകരിക്കാൻ മോഹന്‍ലാലിനെ വേദിയിലേക്ക് ക്ഷണിക്കവെ സദസ്യര്‍ എഴുന്നേറ്റുനിന്ന് കൈയടിച്ച് അഭിനന്ദനങ്ങളര്‍പ്പിച്ചു. നിറഞ്ഞ കരഘോഷമാണ് വിജ്ഞാന്‍ ഭവനില്‍ ഉയര്‍ന്നത്.
അവാര്‍ഡ് ദാന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു മോഹന്‍ലാലിനെ പ്രത്യേകം അഭിനന്ദിച്ചു. എല്ലാ അവാര്‍ഡ് ജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ മോഹന്‍ലാലിനെ ഏറെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങള്‍ ഏറ്റവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതുകൊണ്ടാണ് മോഹന്‍ലാലിനെ 'കംപ്ലീറ്റ് ആക്ടര്‍' എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പ്രസംഗത്തില്‍ പറഞ്ഞു. ലക്ഷക്കണക്കിന് ചലച്ചിത്രാസ്വാദകരുടെ മനസില്‍ ഇടം പിടിച്ച നടനാണ് മോഹന്‍ലാലെന്നും രാഷ്ട്രപതി പറഞ്ഞു. മഹാഭാരതത്തിലെ കര്‍ണന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി കാവാലം നാരായണ പണിക്കര്‍ ഒരുക്കിയ സംസ്‌കൃത നാടകമായ 'കര്‍ണഭാര'ത്തില്‍ കര്‍ണനായി വേഷമിട്ടത് മോഹന്‍ലാല്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നി. ജനപ്രിയ ചിത്രങ്ങള്‍ക്കൊപ്പം സമാന്തര സിനിമകളിലും അദ്ദേഹത്തിന്റെ സവിശേഷ സാന്നിധ്യം വലിയ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.
'താങ്കളൊരു ഉഗ്രൻ ആക്ടർ ആണ്' എന്ന് മലയാളത്തിൽ പറഞ്ഞാണ് വാർത്താവിതരണമന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ അഭിനന്ദിച്ചത്. ഇന്ന് ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്കാണെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ ഇതിഹാസം! വലിയൊരു കയ്യടി അദ്ദേഹത്തിന് നൽകണം! ഈ ശബ്ദമൊന്നും പോരാ... വലിയ ആരവങ്ങളോടെ കയ്യടി നൽകണം-മന്ത്രി പറഞ്ഞു.
ചടങ്ങില്‍, മോഹന്‍ലാലിനെക്കുറിച്ചുള്ള പ്രത്യേക വീഡിയോയും വേദിയില്‍ പ്രദര്‍ശിപ്പിച്ചു. 2004-ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യൻസിനിമയിലെ പരമോന്നത ദേശീയ ബഹുമതി മലയാള സിനിമയെ തേടിയെത്തിയത്.
ഫാല്‍ക്കെ അവാര്‍ഡ് മലയാള ചലച്ചിത്രലോകവുമായും മലയാള സിനിമയില്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന, തന്നിലെ കലാകാരനെ ഉണര്‍ത്തിയ, തന്റെ അഭിനയയാത്രയില്‍ വെളിച്ചമായി മാറിയ എല്ലാ കലാകാരന്മാരുമായും അവാർഡ് പങ്കിടുന്നുവെന്ന് മോഹൻലാൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 'മലയാള ചലച്ചിത്രമേഖലയുടെ പ്രതിനിധി എന്ന നിലയില്‍, ഈ ദേശീയ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സംസ്ഥാനത്തെ രണ്ടാമത്തെ വ്യക്തിയും ആയതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. എനിക്കു മുൻപേ പോയവരും എനിക്കൊപ്പം നടക്കുന്നവരുമായ മലയാള സിനിമയിലെ എല്ലാ പ്രതിഭകൾക്കും ഞാനീ പുരസ്കാരം സമർപ്പിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളായ പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ'-മോഹൻലാൽ പറഞ്ഞു.
ഇന്ത്യന്‍ സിനിമാമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കരനേട്ടത്തിലൂടെ മറ്റൊരു ചരിത്രവും മോഹന്‍ലാല്‍ തന്റെ പേരില്‍ കുറിച്ചു. ഫാല്‍ക്കേ അവാര്‍ഡ് കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറി മോഹന്‍ലാല്‍. 65-ാമത്തെ വയസിലാണ് മോഹന്‍ലാല്‍ പരമോന്നത ബഹുമതിയിലേക്കെത്തിയത്. മോഹൻലാലിന്റെ ഭാര്യ സുചിത്ര,നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി.