മോഹൻലാലും അമ്മ ശാന്തകുമാരിയും ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയൂ...'- മോഹന്‍ലാലിനോട് കമൽഹാസൻ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിച്ച് ചലച്ചിത്രലോകം. കൊച്ചി എളമക്കരയിലെ വീട്ടിലേക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ താരങ്ങളും സമൂഹത്തിന്റെ നനാതുറകളിലുമുള്ള പ്രമുഖര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ശാന്തകുമാരിയുടെ മരണവാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ മമ്മൂട്ടി എളമക്കരയിലെ വീട്ടിലെത്തി.

ഇന്ത്യന്‍ ചലച്ചിത്രലോകത്തുനിന്ന് നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയിലേക്ക് തെന്നിന്ത്യയിലെ താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. മോഹന്‍ലാലുമായി ദീര്‍ഘകാലസൗഹൃദം പങ്കിടുന്ന കമല്‍ഹാസന്‍, എക്‌സിലെ അനുശോചനക്കുറിപ്പില്‍ എഴുതി: 'നിങ്ങള്‍ക്ക് മാത്രമേ നിങ്ങളെ ആശ്വസിപ്പിക്കാന്‍ കഴിയൂ. സുഹൃത്തുക്കള്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. ഇതുപോലുള്ള നഷ്ടത്തിന് എത്ര ആശ്വാസം നല്‍കിയാലും അതു നികത്താനാവില്ല. ഞങ്ങള്‍ എല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു...'

2020-ല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്, അമ്മയില്‍നിന്ന് അകന്നു നില്‍ക്കുന്നതിന്റെ വേദനയെക്കുറിച്ച് മോഹന്‍ലാല്‍ തുറന്നുപറഞ്ഞിരുന്നു. അന്നു മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: 'അമ്മ അടുത്ത് ഇല്ലാത്തതില്‍ എനിക്ക് സങ്കടമുണ്ട്. അവര്‍ കൊച്ചിയിലെ ഞങ്ങളുടെ വീട്ടില്‍ വിശ്രമിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന് കരുതിയാണ് ഞാന്‍ വീട്ടില്‍നിന്നിറങ്ങിയത്. വീഡിയോ കോള്‍ വഴി ഞാന്‍ അമ്മയെ ദിവസവും കാണുകയും സംസാരിക്കുകയും ചെയ്യുന്നു...'

ചൊവ്വാഴ്ച ഉച്ചയോടെയാണ് ശാന്തകുമാരിയുടെ അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക്ശേഷം മുടവൻമു​ഗൾ കേശവദേവ് റോഡിലുള്ള ഹിൽവ്യൂവിൽ നടക്കും.