മോഹൻലാലും ശ്രീനിവാസനും പട്ടണപ്രവേശത്തിൽ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

പ്രിയപ്പെട്ട വിജയനെ ഓർത്ത് മോഹൻലാൽ, കാലാതിവർത്തിയായ കലാകാരനെന്ന് മഞ്ജു വാരിയർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

എഴുത്തിന്റെ ലോകത്ത് മായാത്ത കൈയൊപ്പിട്ട ശ്രീനിവാസന് അക്ഷരങ്ങൾകൊണ്ട് ആദരാഞ്ജലി അർപ്പിച്ച് പ്രമുഖർ. 'സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു' എന്നാണ് മോഹൻലാൽ ഫേസ് ബുക്കിൽ കുറിച്ചത്. പലതരത്തിലും തലത്തിലും ശ്രീനിവാസൻ കാലത്തെ അതിജീവിക്കുന്നുവെന്ന് മഞ്ജുവാരിയർ എഴുതി.

മോഹൻലാലിന്റെ കുറിപ്പിന്റെ പൂർണരൂപം

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും. ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു...

ശ്രീനിവാസൻ

മഞ്ജു വാരിയരുടെ കുറിപ്പിന്റെ പൂർണരൂപം

കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു. വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി.

ശ്രീനിവാസൻ

ജി.വേണു​ഗോപാലിന്റെ കുറിപ്പ്

മലയാളത്തിൽ ഹാസ്യനടനായ് വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ് തിളങ്ങിയ ബഹുമുഖപ്രതിഭ. ഞാൻ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് പാട്ട് പാടിയപ്പോൾ ആ ഗാനരംഗം സിനിമയിൽ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പില്കാലത്ത് എൻ്റെ പ്രശസ്തമായ പല സിനിമാ ഗാനങ്ങളുൾപ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടൻ്റെതായിരുന്നു. ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എൻ്റെ മകൻ അരവിന്ദ് , വിനീത് ശ്രീനിവാസൻ്റെ 'ഹൃദയം' എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പർ ഹിറ്റായ 'നഗുമോ' എന്ന പാട്ടിൻ്റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു. ശ്രീനിവാസൻ സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നർമ്മവും ഭാവിയിൽ മലയാള സിനിമാ ഗവേഷണ വിദ്യാർത്ഥികളുടെ വിഷയമായ് മാറുന്ന കാലം വിദൂരമല്ല.