കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങളുമായി മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍. യുഡിഎഫിനെ ഭരണത്തിലേക്കു തിരികെ നയിച്ച വിജയനായകന് മോഹന്‍ലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവർ ആശംസകള്‍ നേര്‍ന്നു. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് താരങ്ങള്‍ ആശംസകളുമായി എത്തിയത്.
വി.ഡി. സതീശന്റെ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാല്‍ ആശംസകള്‍ അറിയിച്ചത്. 'നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് സ്നേഹം നിറഞ്ഞ ആശംസകള്‍. വികസനത്തിന്‍റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാന്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് സാധിക്കട്ടെ' എന്ന് മോഹന്‍ലാല്‍ കുറിച്ചു. 'കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ' എന്നായിരുന്നു മമ്മൂട്ടിയുടെ അഭിനന്ദനവാചകം.
കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളുടെ ആദ്യ ഭരണകാലത്തേക്ക് എല്ലാ ആശംസകളും നേരുന്നു. കേരളത്തെ കൂടുതൽ ശക്തിയുടെയും പുരോഗതിയുടെയും പാതയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു-ദുൽഖർ സൽമാൻ എഴുതി.
ഒരു പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാ ആശംസകളും. മുഖ്യമന്ത്രി വി.ഡി.സതീശൻ സാറിന് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ-അടുത്തിടെ കേരളരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ പ്രതിഛായ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയെ അവതരിപ്പിച്ച നിവിൻ പോളി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
2001 മുതല്‍ പറവൂരിനെ പ്രതിനിധീകരിക്കുന്ന വി.ഡി. സതീശന്‍, 2021-26 കാലഘട്ടത്തിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ മികച്ച പ്രകടനത്തിലൂടെയാണ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുന്നത്. ഇത്തവണ 20,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തന്റെ മണ്ഡലത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടത്.