ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ പങ്കുവച്ച ചിത്രം കടപ്പാട്-ഫേസ്ബുക്ക്
Malayalam

മോഹൻലാൽ-ജൂഡ് ആന്തണി സിനിമ അടുത്തവർഷം; പ്രഖ്യാപനം '2018'-ലെ പ്രളയവാർഷികദിനത്തിൽ!

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനമെത്തി. മോഹൻലാലും ജൂഡ് ആന്തണി ജോസഫും ഒന്നിക്കുന്നു. മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അടുത്തവർഷം ചിത്രീകരണം തുടങ്ങും. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ് നിർമാണം എന്നാണ് വിവരം.

2018-ൽ കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി സിനിമയൊരുക്കിയ ജൂഡിന്റെ മോഹൻലാൽ സിനിമയുടെ പ്രഖ്യാപനം വന്നത് പ്രളയവാർഷിക ദിനത്തിലായി എന്നത് കൗതുകമുണർത്തുന്ന യാദൃച്ഛികതയായി. 2018 ആ​ഗസ്റ്റ് 16നാണ് കേരളത്തെ മുക്കിയ പ്രളയമുണ്ടായത്.

'ജൂഡ് ആന്തണി ജോസഫിനൊപ്പം ആവേശമുണർത്തുന്ന ഒരു സിനിമയ്ക്കായി ഒരുമിക്കുന്ന വിവരം സന്തോഷപൂർവം പങ്കിടുന്നു. ചിത്രീകരണം അടുത്തവർഷം ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ പിന്നാലെ.'- ജൂഡിനൊപ്പമുള്ള തംപ്സ് ഫോട്ടോ പങ്കുവച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

മോഹൻലാൽ - ജൂഡ് കൂട്ടുകെട്ടിന് വഴിയൊരുക്കിയത് അടുത്തിടെ തിയേറ്ററുകളിൽ വൻ വിജയം നേടിയ 'തുടക്കം' എന്ന ചിത്രമായിരുന്നു. മോഹൻലാൽ അതിഥിവേഷത്തിലെത്തിയ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൾ വിസ്മയയായിരുന്നു നായിക. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് പ്രതിനായകസ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത്.

ജൂഡ് ആന്തണി ജോസഫ് മോഹൻലാലിനൊപ്പം

മോഹൻലാലുമായി ഒരു മുഴുവൻ നീള ചിത്രം ചെയ്യുക എന്നത് തന്റെ കരിയറിലെ തന്നെ വലിയൊരു സ്വപ്നമാണെന്ന് ജൂഡ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 'തുടക്കം' വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ജൂഡിന്റെ ദീർഘകാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വഴിയൊരുങ്ങി.

'കഴിഞ്ഞ 12വർഷമായി ഞാൻ കാത്തിരുന്ന നിമിഷം ഇതാണ്. നന്ദി ലാലേട്ടാ..നന്ദി ആന്റണി ചേട്ടാ..പ്രതീക്ഷയോടെ മുന്നോട്ട്...നന്ദി സർവശക്തന്...'-മോഹൻലാലിന്റെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ജൂഡ് ഫേസ്ബുക്കിലെഴുതി.

'തുടക്ക'ത്തിന്റെ ലൊക്കേഷനിൽ മോഹൻലാലും ജൂഡ് ആന്തണി ജോസഫും

നിവിൻപോളിയും നസ്രിയയും പ്രധാനവേഷങ്ങളിലെത്തിയ 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെയാണ് ജൂഡ് സംവിധായകനായി അരങ്ങേറിയത്. തുടർന്ന് 'ഒരു മുത്തശ്ശി ​ഗഥ','സാറാസ്','2018: എവരിവൺ ഈസ് എ ഹീറോ' എന്നിവ ഒരുക്കി. 'തുടക്കം' ആണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന സിനിമ. ഇതിൽ '2018: എവരിവൺ ഈസ് എ ഹീറോ' ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മലയാള സിനിമയിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായി മാറുകയും ചെയ്തു, ഈ സർവൈവൽ ഡ്രാമ.