മലയാളികളുടെ സ്വന്തം ലാലേട്ടൻ മോഹൻലാലും ക്രിക്കറ്റ് ആരാധർ ചേട്ടാ എന്നു വിളിച്ചു സ്നേഹിക്കുന്ന സഞ്ജു സാംസണും തമ്മിലുള്ള രസകരമായ സംഭാഷണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ജനപ്രിയഹിറ്റ് ചിത്രങ്ങളിലൊന്നായ 'നരസിംഹ'ത്തിലെ ഐതിഹാസിക ഡയലോഗായ 'പോ മോനെ ദിനേശാ' എന്നതിന്റെ യഥാർഥ അർഥം എന്താണെന്ന് സഞ്ജു ലാലേട്ടനോട് ചോദിച്ചതാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
സച്ചിൻ ടെൻഡുൽക്കർ ഇന്ത്യ ക്രിക്കറ്റ് സബ്റെഡിറ്റിൽ നടത്തിയ ചോദ്യോത്തര പരിപാടിയിൽ നിന്നാണ് ഡയലോഗ് സീരീസിന്റെ തുടക്കം. ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് സച്ചിൻ നൽകിയ രസകരമായ മറുപടികളിലൊന്ന് സഞ്ജു സാംസണുമായി ബന്ധപ്പെട്ട് ഒരാൾ ചോദിച്ച ചോദ്യത്തിനുള്ളതായിരുന്നു.
'സഞ്ജു പറഞ്ഞത്, മാസങ്ങളോളം താങ്കളുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും ട്വന്റി20 ലോകകപ്പിനിടെ ദീർഘനേരം സംസാരിച്ചിരുന്നെന്നുമാണ്. ആ സമയത്ത് താങ്കൾ അദ്ദേഹത്തോട് എന്താണ് പറഞ്ഞത്?'– ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെയായിരുന്നു. അതിനു സച്ചിൻ നൽകിയ 'തഗ്' മറുപടിയാണ് സമൂഹമാധ്യമങ്ങങ്ങൾ ഏറ്റെടുത്തത്.
'നീ പോ മോനേ ദിനേശാ!’അതിന്റെ അർഥം സഞ്ജു തന്നെ നിങ്ങൾക്ക് പറഞ്ഞുതരും!' എന്നായിരുന്നു സച്ചിന്റെ മറുപടി. സച്ചിന്റെ ഈ പോസ്റ്റ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചുകൊണ്ടാണ് സഞ്ജു, മോഹൻലാലിനോട് ഡയലോഗിന്റെ യഥാർഥ അർഥം എന്താണെന്ന് വിശദീകരിച്ചു തരാൻ കുസൃതിയോടെ അഭ്യർഥിച്ചത്.
സഞ്ജുവിന്റെ ചോദ്യത്തിന് വളരെ രസകരവും ഹൃദ്യവുമായ മറുപടിയാണ് മോഹൻലാൽ നൽകിയത്. 'മോനേ സഞ്ജു' എന്നു വിളിച്ചാണ് അദ്ദേഹം തുടങ്ങുന്നത്. 'സച്ചിൻ ടെൻഡുൽക്കർ സിക്സർ പറത്തുമ്പോൾ നീ പോ മോനേ ദിനേശാ എന്നുളളത് എതിർ ടീമിലെ ബൗളർക്കുള്ള സന്ദേശമാണെന്നും, അടുത്ത പന്തുകൂടി എറിഞ്ഞു നോക്കാൻ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നു'മാണ് മോഹൻലാൽ വിശദീകരിച്ചത്. സഞ്ജുവിന്റെ ബാറ്റും ഇപ്പോൾ സമാനമായ രീതിയിലാണ് സംസാരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മുന്നോട്ടു കുതിക്കാനും മികച്ച പ്രകടനം തുടരാനും മോഹൻലാൽ സഞ്ജുവിനെ പ്രോത്സാഹിപ്പിച്ചു. ക്രിക്കറ്റ് താരങ്ങളും സൂപ്പർതാരവും തമ്മിലുള്ള സൗഹൃദവും രസകരമായ ആശയവിനിമയവും ഇതിനോടകം ആരാധകർ ഏറ്റെടുത്തു. മോഹൻലാലിന്റെ സിനിമകളോടുള്ള തന്റെ അടങ്ങാത്ത സ്നേഹം സഞ്ജു സാംസൺ പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.