മോഹൻലാൽ,അനൂപ് സത്യൻ,ആന്റണി പെരുമ്പാവൂർ,ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

വീണ്ടും ഞെട്ടിച്ച് മോഹൻലാൽ;അനൂപ് സത്യനൊപ്പം പുതിയ സിനിമ,നവംബറിൽ തുടങ്ങും

പപ്പപ്പ റിപ്പോര്‍ട്ടര്‍

പുതുതലമുറസംവിധായകർക്കൊപ്പമുള്ള ചിത്രങ്ങളുടെ പ്രഖ്യാപനത്തിലൂടെ വീണ്ടുംവീണ്ടും ഞെട്ടിക്കുകയാണ് മോഹൻലാൽ. ‍ഞായറാഴ്ച ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ചിങ്ങപ്പിറവി ദിനത്തിൽ മറ്റൊരു സിനിമയുടെ പ്രഖ്യാപനം.

മോഹൻലാൽ നായകനാകുന്ന അനൂപ് സത്യൻ ചിത്രം നവംബറിൽ ചിത്രീകരണം തുടങ്ങും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിന്റെ സഹകരണത്തോടെ ബിനു ജോർജ് അലക്സാണ്ടറാണ് ഈ ചിത്രം നിർമിക്കുന്നത്.

സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. ‘വരനെ ആവശ്യമുണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് അനൂപ് സത്യൻ. 2020ൽ പുറത്തിറങ്ങിയ ചിത്രം സത്യൻ അന്തിക്കാടിന്റെ മകൻ എന്ന മേൽവിലാസത്തിനപ്പുറം, സ്വന്തം സിനിമാഭാഷയുള്ള സംവിധായകനെന്ന നിലയിൽ അനൂപിന് മലയാളസിനിമയിൽ ഇടം നേടിക്കൊടുത്തു.

അനൂപിന്റെ സംവിധാന അരങ്ങേറ്റത്തിന് പിന്നാലെ തന്നെ മോഹൻലാലുമായി ഒരു ചിത്രം ഒരുങ്ങുന്നതായി 2022 മുതൽ റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് അനൂപിന്റെ ഇരട്ടസഹോദരനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാലിനൊപ്പമുള്ള ഒരു വലിയ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സൂചന നൽകിയത്. മോഹൻലാലിനൊപ്പം ഇന്ത്യയിലെ മറ്റൊരു പ്രമുഖ താരവും ചിത്രത്തിലുണ്ടാകുമെന്നായിരുന്നു അന്നത്തെ സൂചന.

മോഹൻലാൽ,അനൂപ് സത്യൻ,ബിനു ജോർജ് അലക്സാണ്ടർ

ബാല്യകാലം മുതൽ മോഹൻലാലിനോട് വലിയ ആരാധന പുലർത്തിയിരുന്ന അനൂപ്, ‘വരനെ ആവശ്യമുണ്ട്’ പുറത്തിറങ്ങിയതിന് ശേഷം മോഹൻലാലിന്റെ അഭിനന്ദനം ലഭിച്ച അനുഭവം മുമ്പ് പങ്കുവെച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ‘ഹൃദയപൂർവം’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ സംവിധാന സഹായിയായും അനൂപ് പ്രവർത്തിച്ചിരുന്നു.

'ഹൃദയപൂർവം' ലൊക്കേഷനിൽ മോഹൻലാലിനും സത്യൻ അന്തിക്കാടിനുമൊപ്പം അനൂപ് സത്യനും അഖിൽ സത്യനും

മലയാള സിനിമയിൽ നാല് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയപാരമ്പര്യമുള്ള മോഹൻലാലും, ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ പുതിയ തലമുറ സംവിധായകനായ അനൂപ് സത്യനും ഒന്നിക്കുമ്പോൾ സ്വാഭാവികമായും പ്രതീക്ഷകൾ ഏറെയാണ്. മോഹൻലാലിന്റെ അഭിനയസമ്പത്തും അനൂപിന്റെ ലളിതമായ കഥപറച്ചിൽ ശൈലിയും ചേരുമ്പോൾ പുതിയൊരു സിനിമാനുഭവമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.