'മായൻ' ടൈറ്റിൽ പോസ്റ്ററിൽ നിന്ന് അറേഞ്ച്ഡ്
Malayalam

നിഗൂഢ ആചാരങ്ങളും റഷ്യയുടെ പശ്ചാത്തലവും; മിസ്റ്ററിയുടെ പുതിയ 'മായൻ'കാഴ്ചകൾ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മിസ്റ്ററി ത്രില്ലറുകളുടെ ലോകത്തേക്ക് മലയാള സിനിമയെ മറ്റൊരു തലത്തില്‍ പ്രതിഷ്ഠിക്കാന്‍ ജയസൂര്യയും സംവിധായകന്‍ ജിതിന്‍ കെ. ജോസും കൈകോര്‍ക്കുന്നു. 'കളങ്കാവല്‍' എന്ന വന്‍ വിജയ ചിത്രത്തിനു ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'മായന്‍ - ചാപ്റ്റര്‍ 1'ന്റെ ചിത്രീകരണത്തിന് റഷ്യയില്‍ തുടക്കമായി

റഷ്യയിലെ മഞ്ഞുമൂടിയ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. വിദേശത്തെ ദൃശ്യവിസ്മയങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റോടെ ചിത്രം കേരളത്തിലെ ഷെഡ്യൂളിലേക്ക് കടക്കും.

കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇന്നും നിഗൂഢമായി നിലനില്‍ക്കുന്നു എന്ന് വിശ്വസിക്കപ്പെടുന്ന നെഗറ്റീവ് ആരാധനയും ചില അജ്ഞാത ആചാരങ്ങളുമാണ് സിനിമയുടെ കാതല്‍. കേട്ടുകേള്‍വികള്‍ക്കുമപ്പുറമുള്ള മാന്ത്രികതയും നിഗൂഢതയും നിറഞ്ഞ അന്തരീക്ഷത്തിലാണ് കഥ വികസിക്കുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ഈ വേറിട്ട പ്രമേയത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'മായൻ' ചിത്രീകരണത്തിനിടെ റഷ്യയിലെ യുദ്ധസ്മാരകത്തിനുമുന്നിൽ സംവിധായകൻ ജിതിൻ കെ.ജോസും സംഘവും

ജയസൂര്യയുടെ വേറിട്ട ലുക്കും കഥാപാത്ര പശ്ചാത്തലവുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, 'ഡീയസ് ഈറെ' ഫെയിം ജിബിന്‍ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നിര്‍മാണം- രാജീവ് ഗോവിന്ദന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റിങ്- പ്രവീണ്‍ പ്രഭാകര്‍. 'കളങ്കാവലി'ല്‍ മികച്ച സാങ്കേതിക മികവ് പുലര്‍ത്തിയ അതേ ടീം തന്നെയാണ് 'മായനി'ലും ഒന്നിക്കുന്നത് എന്നതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.