'മട്ടാഞ്ചേരി മാഫിയ' ടൈറ്റിൽ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

'മട്ടാഞ്ചേരി മാഫിയ'യുമായി മമ്മൂട്ടിയും ഖാലിദ് റഹ്മാനും,ഒപ്പം ആസിഫും നസ്ലിനും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ വാക്ക് ഒടുവിലൊരു സിനിമയുടെ ടൈറ്റിലിൽ പ്രത്യക്ഷപ്പെടുന്നു-'മട്ടാഞ്ചേരി മാഫിയ'. നായകൻ മമ്മൂട്ടി. ഒപ്പം ആസിഫ് അലിയും നസ്ലിനും. സംവിധാനം ഖാലിദ് റഹ്മാൻ. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമയുടെയും ബാനറിൽ ബി.രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് നിർമാണം. മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്.

നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തസ്രീഖ് അബ്ദുൽസലാം എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം-ജിംഷി ഖാലിദ്. എഡിറ്റർ- നൗഫൽ അബ്ദുള്ള, സംഗീതം-റെക്സ് വിജയൻ, പശ്ചാത്തല സംഗീതം- സുഷിൻ ശ്യാം, കോസ്റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്-റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ- വിഷ്ണുഗോവിന്ദ് പ്രൊഡക്ഷൻ ഡിസൈൻ-മാനവ് സുരേഷ്, വിഎഫ്എക്സ്- ഡിജിബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ- വിഷാദ് കെ.എൽ സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ- ചാർലി ആൻഡ് ദ് ബോയ്സ്.

മമ്മൂട്ടി,ആസിഫ് അലി,നസ്ലിൻ

മമ്മൂട്ടിയെ നായകനാക്കി ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് പ്രഖ്യാപിച്ച സിനിമയുടെ സംവിധായകനായിരുന്നു ഖാലിദ് റഹ്മാൻ. നിർമാതാവ് ഷെരീഫ് മുഹമ്മദുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഖാലിദ് പ്രോജക്ടിൽ നിന്ന് പിന്മാറി. തുടർന്നാണ് ഖാലിദ് റഹ്മാൻ സ്വന്തം നിർമാണക്കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നത്.

ഖാലിദ് റഹ്മാൻ

വമ്പൻ പ്രഖ്യാപനമായിട്ടാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് മമ്മൂട്ടി-ഖാലിദ് റഹ്മാൻ ചിത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ചിത്രം ഒരുക്കുന്നതെന്നും പ്രഖ്യാപനവേളയിൽ പറഞ്ഞിരുന്നു. കൊളംബിയൻ ഡ്ര​ഗ് ഡീലർ പാബ്ലോ എസ്കോബാറിന്റെ ജീവിതത്തിന് സമാനമായ ഒരു അധോലോകനായകന്റെ കഥയാണ് ചിത്രത്തിന്റേത് എന്ന രീതിയിൽ തുടർന്ന് സോഷ്യൽമീഡിയചർച്ചകൾ ചൂടുപിടിക്കുകയും ചെയ്തു.നിയോഗ്,സുഹാസ്,ഷറഫു എന്നിവർ ചേർന്നായിരുന്നു ചിത്രത്തിന്റെ രചന. ഇപ്പോൾ പ്രഖ്യാപിപ്പിക്കപ്പെട്ട മട്ടാഞ്ചേരി മാഫിയയിൽ ഇവർക്കൊപ്പം രചയിതാവായി തസ്രീഖ് അബ്ദുൽസലാമുമുണ്ട്.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന് നല്കിയ ഡേറ്റിൽ മമ്മൂട്ടി തന്നെ നായകനായി മറ്റൊരു ചിത്രവുമുണ്ടാകും. ഇതിന്റെ പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഫലത്തിൽ മമ്മൂട്ടി നായകനാക്കി പ്രഖ്യാപിക്കപ്പെട്ട പ്രോജക്ട് അദ്ദേഹം നായകനായ രണ്ടുചിത്രങ്ങളായി മാറുകയാണ്. അതിൽ ആദ്യത്തേതാണ് 'മട്ടാഞ്ചേരി മാഫിയ'.