മലയാളസിനിമയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തരംഗങ്ങളിലൊന്നായിരുന്നു ഹനീഫ് അദേനി-ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടിന്റെ 'മാര്‍ക്കോ'. വയലന്‍സ് രംഗങ്ങള്‍ കൊണ്ട് തിയറ്ററുകളെ ലഹരിപിടിപ്പിച്ച മാര്‍ക്കോ, മലയാളത്തിലെ ഏറ്റവും വലിയ 'എ' റേറ്റഡ് ബ്ലോക്ക്ബസ്റ്റര്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് കളംവിട്ടത്. എന്നാല്‍ ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷവും 'മാര്‍ക്കോ'യെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും അവസാനിച്ചിട്ടില്ല.
ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന 'കാട്ടാളന്‍' തിയറ്ററുകളിലേക്കെത്തുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും 'മാര്‍ക്കോ' ചര്‍ച്ചകള്‍ സജീവമാവുകയാണ്. 'കാട്ടാളന്‍' ചിത്രത്തില്‍ മൂന്ന് പോസ്റ്റ്-ക്രെഡിറ്റ് രംഗങ്ങളുണ്ടെന്ന അണിയറപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്. ചിത്രം പുതിയൊരു 'മാര്‍ക്കോ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ' ഭാഗമാണോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
എന്നാല്‍, അഭ്യൂഹങ്ങളുടെ മുനയൊടിച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ ഫിലിംസ് രംഗത്തെത്തിയിരിക്കുകയാണ്. 'കാട്ടാളന്റെ' നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് എല്ലാവിധ വിജയങ്ങളും നേര്‍ന്നുകൊണ്ട് പങ്കുവച്ച ഔദ്യോഗിക കുറിപ്പിലാണ് ഉണ്ണിമുകുന്ദന്‍ ഫിലിംസ് കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രമായ 'മാര്‍ക്കോ'യുടെ സഹനിര്‍മാതാക്കള്‍ കൂടിയായിരുന്നു ഉണ്ണി മുകുന്ദന്‍ ഫിലിംസ്.
'ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ആദ്യ ചിത്രമായ 'മാര്‍ക്കോ'യുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ അഭിമാനമുണ്ട്. അതൊരു മികച്ച യാത്രയായിരുന്നു. ക്യൂബ്‌സിന്റെ രണ്ടാമത്തെ ചിത്രമായ കാട്ടാളനും അതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. എന്നാല്‍ ഒരു കാര്യം ദയവായി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു ഈ പ്രോജക്ടിലോ, ഇതുമായി ബന്ധപ്പെടുത്തി പറയുന്ന ഏതെങ്കിലും 'യൂണിവേഴ്‌സിലോ' ഉണ്ണി മുകുന്ദന്‍ ഭാഗമല്ല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ആരാധകരും പൊതുജനങ്ങളും ദയവായി പിന്മാറണം'-ഉണ്ണി മുകുന്ദന്‍ ഫിലിംസ് പ്രസ്താവനയില്‍ അറിയിച്ചു.
അമിതമായ അക്രമരംഗങ്ങള്‍ നിറഞ്ഞതാണെന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിയ ചിത്രമാണ് മാര്‍ക്കോ. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ 'മാര്‍ക്കോ 2' പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും, സിനിമയെച്ചൊല്ലി ഉയര്‍ന്ന കടുത്ത നെഗറ്റീവ് ചര്‍ച്ചകളെത്തുടര്‍ന്ന് പ്രോജക്ടില്‍നിന്ന് പിന്മാറുന്നതായി കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉണ്ണി മുകുന്ദന്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍, 'മാര്‍ക്കോ'യുടെ പൂര്‍ണമായ അവകാശം തങ്ങള്‍ക്കാണെന്നും ഫ്രാഞ്ചൈസി മുന്നോട്ട് കൊണ്ടുപോകുമെന്നും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് വ്യക്തമാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 'ലോര്‍ഡ് മാര്‍ക്കോ' എന്നൊരു പ്രോജക്ട് അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, അതിലും ഉണ്ണി മുകുന്ദന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.
നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' ആനക്കൊമ്പ് കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലുള്ള പക്കാ ആക്ഷന്‍ ത്രില്ലറാണ്. ഷരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തില്‍ പെപ്പെയുടെ തകര്‍പ്പന്‍ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഈ പുതിയ വിവാദങ്ങളും ചര്‍ച്ചകളും എത്തിയിരിക്കുന്നത്.