മഞ്ജു വാരിയരെ പ്രധാന കഥാപാത്രമാക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹാപ്പിലൂപ്പ്' ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. അവസാന ദിവസത്തെ ചിത്രീകരണ വിശേഷങ്ങളും താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും നിമിഷങ്ങളും ഉള്‍പ്പെടുത്തിയ പ്രത്യേക ലൊക്കേഷന്‍ വീഡിയോയും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
കഴിഞ്ഞ മേയിലാണ് ചിത്രീകരണം ആരംഭിച്ചത്. 'ഗൗതമന്റെ രഥം', വിജയചിത്രമായ 'വാഴ' എന്നിവയ്ക്ക് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയശ്രീ എന്ന കഥാപാത്രത്തെയാണ് മഞ്ജു 'ഹാപ്പി ലൂപ്പി'ൽ അവതരിപ്പിക്കുന്നത്.
'മധുരം', 'കേരള ക്രൈം ഫയല്‍സ് സീസണ്‍ 1' എന്നീ ജനപ്രിയ പ്രോജക്ടുകള്‍ക്കുശേഷം ആഷിഖ് ഐമറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാരിയര്‍ക്ക് പുറമേ മുകേഷ്, 'സു ഫ്രം സോ' ചിത്രത്തിലൂടെ ശ്രദ്ധേയനായ കന്നഡ നടനും സംവിധായകനുമായ ജെ.പി. തുമിനാട് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. മധു വാരിയര്‍, അനു, വി.കെ. പ്രകാശ്, നിഷാന്ത് സാഗര്‍, നീരജ രാജേന്ദ്രന്‍, ആതിര രാജീവ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കണ്ണന്‍ മോഹനാണ്. ഇലക്ട്രോണിക് കിളിയും പര്‍വതീഷ് പ്രദീപും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. പര്‍വതീഷ് പ്രദീപ് തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ജോണറോ പ്രമേയമോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.