​ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് മുന്നിൽ ഭാര്യ സുൽഫത്തിനും സുഹൃത്തുക്കൾക്കുമൊപ്പം മമ്മൂട്ടി ഫോട്ടോകടപ്പാട്-സ്റ്റാച്യു ഓഫ് യൂണിറ്റി ഫേസ്ബുക്ക് പേജ്
Malayalam

​ഗുജറാത്തിലെ സർദാർ പട്ടേൽ പ്രതിമ സന്ദർശിച്ച് മമ്മൂട്ടി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മമ്മൂട്ടി. സർദാർ വല്ലഭായി പട്ടേലിന്റെ സ്മരണാർഥം ​ഗുജറാത്തിലെ, കെവാഡിയയിലാണ് പ്രതിമി സ്ഥാപിച്ചിട്ടുള്ളത്. ഏക്താ ന​ഗർ എന്നുപേരുമാറ്റിയ കെവാഡിയയിൽ ചൊവ്വാഴ്ചയായിരുന്നു ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരവിതരണച്ചടങ്ങ്. മികച്ച നടനുള്ള പുരസ്കാരം ഇത്തവണ മമ്മൂട്ടിക്കായിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് പുരസ്കാരം സ്വീകരിച്ച മമ്മൂട്ടി ബുധനാഴ്ചയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാനെത്തിയത്.

ഭാര്യ സുൽഫത്ത്,നിർമാതാക്കളായ ആന്റോ ജോസഫ്,എസ്.ജോർജ്,കേരളത്തിലെ ബിജെപി നേതാവ് സി.ജി.രാജ​ഗോപാൽ എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. സർദാർ പട്ടേൽ പ്രതിമയ്ക്കരികിലെത്തിയ മമ്മൂട്ടി ഷൂസ് അഴിച്ചുവച്ച് ആദരവോടെ പ്രതിമയിൽ പുഷ്പാർച്ചനടത്തി. ഭാര്യയ്ക്കൊപ്പം പ്രതിമയ്ക്ക് മുന്നിൽ നിന്ന് ഫോട്ടോയെടുത്ത മമ്മൂട്ടിയെ കണ്ട് പ്രതിമ സന്ദർശിക്കാനെത്തിയവർ ചുറ്റും കൂടി. മമ്മൂട്ടിയുടെ ചിത്രങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റി ഔദ്യോ​ഗിക സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചു

സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തുന്ന മമ്മൂട്ടി. ഭാര്യ സുൽഫത്ത് സമീപം

182 മീറ്ററാണ് സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഉയരം. 2010 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിയാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. 2018 ഒക്ടോബർ 31 ന്, പട്ടേലിന്റെ 143-ാം ജന്മദിനത്തിൽ, പ്രധാനമന്ത്രി പദവിയിലിരുന്നുകൊണ്ട് മോദി തന്നെ പ്രതിമ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കോടികൾ ചെലവിട്ടുള്ള പ്രതിമാനിർമാണം പാഴ്ച്ചെലവാണെന്നും രാജ്യത്തിന് യാതൊരു ആവശ്യവുമില്ലാത്ത കാര്യമാണിതെന്നും ആരോപിച്ച് പ്രതിപക്ഷം ഉൾപ്പെടെ പ്രതിമയെ ബിജെപിക്കെതിരായ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പക്ഷേ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടതോടെ ഏക്താ ന​ഗറിലേക്ക് ടൂറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാ​ഹമായിരുന്നു.

സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാനെത്തിയ മമ്മൂട്ടി അധികൃതരുമായി സംഭാഷണത്തിൽ

2018 നവംബർ 1 ന് പൊതുജനങ്ങൾക്കായി പ്രതിമ തുറന്ന് കൊടുത്തതിന്റെ ആദ്യ പത്ത് ദിവസങ്ങളിൽ ഒരുലക്ഷത്തിലധികം പേരാണ് കാണാനെത്തിയത്. ആദ്യ വർഷത്തിൽ, സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ചത് 2,900,000 പേരാണ്. ടിക്കറ്റ് വരുമാനത്തിൽ കിട്ടിയത് 82 കോടി. തുറന്നതിന് ശേഷമുള്ള അഞ്ച് വർഷത്തിനുള്ളിൽ, പ്രതിമ സന്ദർശിക്കാൻ 15 ദശലക്ഷത്തിലധികം പേരെത്തി.