മമ്മൂട്ടി, 'ലോക:'യിലെ മൂത്തോന്റെ കൈ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

'ആ കൈ എന്റേതല്ല'; 'ലോക:'യിലെ 'ചതിക്കഥ'പറഞ്ഞ് മമ്മൂട്ടി,ഒപ്പം ഒരു വാമ്പയർ സസ്പെൻസും

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ കരിയറില്‍ ഇന്നുവരെ പരീക്ഷിക്കാത്ത കഥാപാത്രമാകുന്നതിന്റെ സൂചനകള്‍ നല്‍കി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് 'വാമ്പയര്‍' വേഷം ചെയ്യുന്നതിനെക്കുറിച്ച് മമ്മൂക്ക മനസുതുറന്നത്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന സ്‌പൈ ത്രില്ലറിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ്, 'ഞാന്‍ ഒരു വാമ്പയര്‍ വേഷം ചെയ്യുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...?' എന്ന് അപ്രതീക്ഷിതമായി മമ്മൂട്ടി ചോദിച്ചത്. അത്തരമൊരു വേഷം ഉടന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് 'സസ്‌പെന്‍സ്... ഇന്‍ഷാ അള്ളാ...' എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറുപടി.

മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച 'ലോക ചാപ്റ്റര്‍ 1: ചന്ദ്ര' എന്ന ചിത്രത്തിലെ 'മൂത്തോന്‍' എന്ന നിഗൂഢ കഥാപാത്രമായി താന്‍ എത്തിയതിനുപിന്നിലെ രസകരമായ കഥയും മമ്മൂട്ടി പങ്കുവച്ചു. തന്നെ ചതിച്ച് അഭിനയിപ്പിച്ചതാണ് എന്നായിരുന്നു തമാശരൂപേണ അദ്ദേഹം പറഞ്ഞത്. 'സത്യത്തില്‍ അവര്‍ എന്നെ പറ്റിക്കുകയായിരുന്നു. ഒരു ശബ്ദം നല്‍കണം എന്നു മാത്രമാണ് ദുല്‍ഖറിന്റെ സുഹൃത്തും മാനേജരും എന്നോട് ആവശ്യപ്പെട്ടത്. 'വേണ്ട' എന്ന ഒരു വാക്ക് മാത്രമാണ് ഞാന്‍ റെക്കോര്‍ഡ് ചെയ്തത്. ചിത്രത്തില്‍ കാണുന്ന കൈ എന്റേതല്ല. സിനിമ പുറത്തിറങ്ങിയപ്പോഴാണ് അതു ഞാനാണെന്നും എന്റെ കൈ ആണെന്നും അവര്‍ പറഞ്ഞുണ്ടാക്കിയത്.'-മമ്മൂട്ടി വെളിപ്പെടുത്തി.

ഈ കഥാപാത്രത്തെ വരും ഭാഗങ്ങളില്‍ പൂര്‍ണരൂപത്തില്‍ കൊണ്ടുവരാന്‍ ദുല്‍ഖറിനു പ്ലാനുണ്ടെന്ന് കേട്ടപ്പോള്‍, 'ആദ്യം എന്റെ പ്രതിഫലത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ബോധ്യമുണ്ടാകണം' എന്നായിരുന്നു മമ്മൂട്ടിയുടെ കുറിക്കു കൊള്ളുന്ന മറുപടി.

മമ്മൂട്ടി

മലയാള സിനിമയുടെ ആഗോള വളര്‍ച്ചയെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. മലയാള സിനിമ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെടണമെന്നാണ് ഒരു മലയാളി എന്ന നിലയില്‍ തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപരമായ തടസങ്ങള്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുകയാണെന്നും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ മലയാള സിനിമകളെ തേടിപ്പിടിച്ച് കാണുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. പുതിയ പരീക്ഷണങ്ങളുമായി മലയാള സിനിമ മുന്നോട്ടുപോകുമെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.