മലയാളസിനിമയിൽ കൈപിറകിൽ കെട്ടി ചരിത്രമെഴുതിയ ആ കുറ്റന്വേഷകൻ വീണ്ടും. മമ്മൂട്ടിയുടെ അനശ്വരകഥാപാത്രമായ സേതുരാമയ്യർ ഒരിക്കൽക്കൂടി വരികയാണ്. ഇത്തവണ പുത്തൻ അണിയറപ്രവർത്തകർക്കൊപ്പമാണെന്ന് മാത്രം. സിബിഐ സീരീസിലെ ആറാംഭാഗം സംവിധാനം ചെയ്യുന്നത് 'പ്രീസ്റ്റ്','രേഖാചിത്രം' എന്നിവയിലൂടെ ശ്രദ്ധേയനായ ജോഫിൻ ടി.ചാക്കോയാണ്. 'രേഖാചിത്ര'ത്തിന്റെയും 'മോളിവുഡ് ടൈംസി'ന്റെയും രചയിതാവ് രാമു സുനിലിന്റേതാണ് കഥ.
തിരക്കഥ വായിച്ചുകേട്ട മമ്മൂട്ടി സമ്മതം പറഞ്ഞതോടെയാണ് സിബിഐ ആറാംഭാഗത്തിന് കളമൊരുങ്ങുന്നത്. മമ്മൂട്ടി സേതുരാമയ്യരായി എത്തുമ്പോൾ കൂടെ മുകേഷിന്റെ ചാക്കോ ഉൾപ്പെടെയുള്ളവരുണ്ടാകും. നിർമാണം ആരെന്നതിൽ തീരുമാനമായിട്ടില്ല. മമ്മൂട്ടികമ്പനിക്കാണ് ഇപ്പോൾ സിബിഐ ഫ്രാഞ്ചൈസിന്റെ അവകാശം. എങ്കിലും അഞ്ചാംഭാഗത്തിന്റെ നിർമാതാവ് സ്വർഗചിത്ര അപ്പച്ചനുമായി ചേർന്നാകുമോ നിർമാണം എന്നതിലുള്ള തീരുമാനം ഇനിയാകും ഉണ്ടാകുക.
എസ്.എൻ.സ്വാമിയുടെ തിരക്കഥയിൽ കെ.മധുവാണ് സിബിഐ സീരീസ് ഇതുവരെ ഒരുക്കിയത്. 1988-ൽ 'ഒരു സിബിഐ ഡയറിക്കുറിപ്പാ'യിരുന്നു ഇതിലെ ആദ്യ ചിത്രം. നെറ്റിയിൽ കുറി തൊട്ട് കൈ പിറകിൽ കെട്ടി നടക്കുന്ന കുശാഗ്രബുദ്ധിയായ സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യരായി മമ്മൂട്ടി എത്തിയപ്പോൾ മലയാളസിനിമ അന്നേവരെ കാണാതിരുന്ന സസ്പെൻസ് ത്രില്ലർ നിമിഷങ്ങളിലേക്കാണ് പുതിയൊരു ജാലകം തുറന്നുവന്നത്. ചിത്രത്തിലെ ഡമ്മിപരീക്ഷണം ഉൾപ്പെടെയുള്ള കേസന്വേഷണരീതികൾ കണ്ട് അക്ഷരാർഥത്തിൽ പ്രേക്ഷകർ ഞെട്ടിത്തരിച്ചു. ചിത്രം ചരിത്രമെഴുതി വൻവിജയമായി.
തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ട ആദ്യഭാഗത്തിനുശേഷം ജാഗ്രത(1989),സേതുരാമയ്യർ സിബിഐ(2004),നേരറിയാൻ സിബിഐ(2005),സിബിഐ 5-ദ് ബ്രെയിൻ(2022) എന്നീ നാലുഭാഗങ്ങൾ കൂടി പുറത്തിറങ്ങി. സേതുരാമയ്യരെ കേസന്വേഷണത്തിൽ സഹായിക്കുന്ന ഉദ്യോഗസ്ഥരായ ഹാരി,വിക്രം,ചാക്കോ എന്നിവരെ അവതരിപ്പിച്ചത് യഥാക്രമം സുരേഷ് ഗോപി,ജഗതി,മുകേഷ് എന്നിവരാണ്. ആദ്യഭാഗത്തിലെ സുകുമാരന്റെ ഡിവൈഎസ്പി ഹരിദാസും ഉജ്വലകഥാപാത്രമായി മാറി.
അലി ഇമ്രാൻ എന്നായിരുന്നു കഥാപാത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. സേതുരാമയ്യർ എന്ന പേരിലുള്ള ബ്രാഹ്മണനാക്കി മാറ്റാമെന്ന ആശയം മമ്മൂട്ടിയുടേതായിരുന്നുവെന്ന് എസ്.എൻ.സ്വാമി പിന്നീട് പറഞ്ഞിട്ടുണ്ട്.
പ്രേക്ഷകർ അത്രയും നേരം സംശയിച്ചിരുന്നവരിലൊന്നും ഉൾപ്പെടാത്ത ഒരാൾ ക്ലൈമാക്സിൽ കുറ്റവാളിയായി മാറുന്നതായിരുന്നു സിബിഐ സീരീസിലെ എല്ലാ സിനിമകളുടെയും പൊതുസ്വഭാവം. അതിലേക്കുള്ള സേതുരാമയ്യരുടെ യാത്രയാണ് ചിത്രത്തിന്റെ ഉദ്വേഗം. സേതുരാമയ്യർക്കായി ശ്യാം ചിട്ടപ്പെടുത്തിയ പശ്ചാത്തലസംഗീതവും മലയാളസിനിമയിൽ ഐകോണിക് ആയി മാറി.
ജോഫിൻ ടി ചാക്കോയുടെ ആദ്യ ചിത്രമായ 'പ്രീസ്റ്റി'ൽ മമ്മൂട്ടിയായിരുന്നു നായകൻ. രണ്ടാം ചിത്രം മമ്മൂട്ടിയുടെ 'കാതോട് കാതോരം' എന്ന സിനിമയുടെ സെറ്റിൽ നടന്ന ഒരു തിരോധാനത്തെയും കൊലപാതകത്തെയും ആധാരമാക്കിയുള്ളതായിരുന്നു. ഇതിൽ മമ്മൂട്ടിയുടെ എഐ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. പ്രേക്ഷകരുടെ കൈയടി നേടിയ പരീക്ഷണമായിരുന്നു അത്.