പദ്മഭൂഷൺ ലഭിച്ച മമ്മൂട്ടിക്ക് പുതിയ സിനിമയായ പദയാത്രയുടെ ഷൂട്ടിങ് ലൊക്കേഷനിൽ സ്വീകരണം. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അനുമോദനച്ചടങ്ങ്. അടൂർ തന്നെ മമ്മൂട്ടിയെ ബൊക്കെ നല്കി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം മമ്മൂട്ടിയെ പൊന്നാടയണിയിച്ചു. മമ്മൂട്ടി കേക്കുമുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ചിത്രത്തിലെ അഭിനേതാക്കളായ ഇന്ദ്രൻസ്,ഗ്രേസ് ആന്റണി,സഹരചയിതാവ് കെ.വി.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പദയാത്രയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. 32വർഷത്തിനുശേഷം അടൂർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ഇത്. കൊച്ചിക്ക് ശേഷം പൂയംകുട്ടിയിലും വയനാട്ടിലും ചിത്രീകരണമുണ്ടാകും. 84-ാംവയസ്സിലാണ് അടൂർ തന്റെ ഏറ്റവും പ്രിയപ്പെട്ട നായകനൊപ്പം വീണ്ടും സംവിധായകവേഷം അണിയുന്നത്.
ഇത്തവണ മലയാളസിനിമയിലെ യുവപ്രതിഭകളാണ് അദ്ദേഹത്തിനൊപ്പം അണിയറയിൽ. 2016-ൽ ദിലീപ്,കാവ്യാമാധവൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കിയ 'പിന്നെയും' ആണ് അടൂർ ഒടുവിൽ സംവിധാനം ചെയ്ത സിനിമ. ഒരു ദശാബ്ദത്തിനുശേഷം സംവിധാനരംഗത്തേക്കുള്ള അടൂരിന്റെ മടങ്ങിവരവ് കൂടിയാണ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ.
1987-ൽ 'അനന്തരം' എന്ന ചിത്രത്തിലാണ് അടൂരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം 'മതിലുകൾ','വിധേയൻ' എന്നീ ചലച്ചിത്രങ്ങളും മമ്മൂട്ടിയെ നായകനാക്കി അടൂർ സംവിധാനം ചെയ്തു.
'മതിലുകളി'ൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും 'വിധേയനി'ൽ ഭാസ്കരപട്ടേലർ എന്ന ജന്മിയുടെയും കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടിക്ക്. 1989-ൽ 'മതിലുകളി'ലൂടെയും 1994-ൽ 'വിധേയനി'ലൂടെയും മമ്മൂട്ടി മികച്ച നടനുള്ള ദേശീയ അവാർഡ് നേടി. 'വിധേയന്' അദ്ദേഹത്തിന് സംസ്ഥാന അവാർഡും ലഭിച്ചു.
മുഖ്യ സംവിധാനസഹായി- മീരസാഹിബ്, നിർമാണ സഹകരണം- ജോർജ് സെബാസ്റ്റ്യൻ, ചിത്രസംയോജനം- പ്രവീൺ പ്രഭാകർ, കലാ സംവിധാനം- ഷാജി നടുവിൽ, സംഗീത സംവിധാനം- മുജീബ് മജീദ്, നിർമാണ മേൽനോട്ടം- സുനിൽ സിങ്, നിർമാണ നിയന്ത്രണം- ബിനു മണമ്പൂർ, ചമയം- ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- എസ്.ബി- സതീശൻ ശബ്ദ മിശ്രണം-കിഷൻ മോഹൻ (സപ്താ റെക്കോർഡ്സ്) നിശ്ചലഛായാഗ്രഹണം- നവീൻ മുരളി പരസ്യപ്രചാരണം- വിഷ്ണു സുഗതൻ, പരസ്യകല- ആഷിഫ് സലീം.