അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ആദരാഞ്ജലിയർപ്പിച്ച് മലയാളസിനിമാലോകം. പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ ജീവിതം തന്നെ സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ അനുസ്മരിച്ചു. പേരിനെ ശരിയടയാളമാക്കിയ നേതാവെന്നായിരുന്നു മഞ്ജുവാരിയർ സമൂഹമാധ്യമത്തിലെഴുതിയത്.
മോഹൻലാൽ
ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന് മരണമില്ല.
മഞ്ജുവാരിയർ
വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.
ഷാജി കൈലാസ്
കേരള രാഷ്ട്രീയത്തിൽ ഇന്നുള്ള ഏറ്റവും മുതിർന്ന തലമുറയുടെ അവസാന കണ്ണികളിൽ ഒന്നായിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വലിയൊരു അധ്യായമാണ് പൂർണമാകുന്നത്. പ്രതിപക്ഷത്തായിരുന്നപ്പോഴും ഭരണപക്ഷത്തായിരുന്നപ്പോഴും എന്നും ജനപക്ഷത്തായിരുന്നു വിഎസ്. അതായിരുന്നു അദ്ദേഹത്തെ ജനനേതാവാക്കിയത്. ആദരണീയനായ നേതാവിന് അന്ത്യാഞ്ജലി
ബി.ഉണ്ണികൃഷ്ണൻ
സഖാവെ, വിട
വിനയൻ
വി എസ്സിനു…വിട…പോരാട്ടത്തിന്റെ ഈ രണ്ടക്ഷരം ഏതു പ്രതി സന്ധികളേയും നേരിട്ടു മുന്നേറാൻ പ്രചോദിപ്പിക്കുന്ന ചാലക ശക്തിയാണ്..
അപ്പാനി ശരത്
ഒരാൾ ജീവിച്ചു മരിച്ച കാലത്തിനുമപ്പുറം പൊതുസമൂഹത്തിൽ ഓർക്കപ്പെടണമെങ്കിൽ അയാൾ ഉണ്ടാക്കിയ ഓർമ്മകളും ഭാഗമായ ചരിത്രങ്ങളും അത്രയേറെ ആ സമൂഹത്തെ സ്വാധീനിച്ചിരിക്കണം.. എന്തിനും കുറ്റം പറയുന്ന മലയാളികൾ 'കണ്ണേ കരളേ' എന്ന് കളങ്കമില്ലാതെ വിളിച്ച് നെഞ്ചോട് ചേർക്കണമെങ്കിൽ അത്രത്തോളം ആ ജനത അദ്ദേഹത്തെ സ്നേഹിച്ചിരിക്കണം.. ബഹുമാനിച്ചിരിക്കണം...!!ഉറപ്പാണ് വിട പറയുന്നത് ശരീരം മാത്രമാണ്.. നിങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തതയുള്ള ആശയങ്ങളുണ്ടാകും ഇവിടെ.. വേദനയും ചോരയും കിനിഞ്ഞ പോരാട്ടങ്ങൾ നിലനിൽക്കുമിവിടെ... കാറ്റിനും കാലത്തിനും മായ്ക്കാനാകാതെ..കാരണം ഇത് വി.എസ് ആണ്.. പുന്നപ്ര വയലാറിലെ മൂർച്ചയുള്ള വാരിക്കുന്തം.. അതിനെക്കാൾ മൂർച്ചയുള്ള നിലപാടിന്റെ നേരർത്ഥം... എന്റെ മകൻ ആരോപിതൻ ആണെങ്കിൽ അവനെ പറ്റിയും അന്വേഷിക്കണം എന്ന് പറയുന്ന ചങ്കൂറ്റം..അരിവാള് മാത്രം തപ്പി വോട്ടിങ്മെഷീനിൽ കുത്തുന്ന എന്റെ അടക്കമുള്ള അമ്മമാരുടെ അച്ചുമാമ്മ.... ഒരു ജനതയുടെ
ഒരേ ഒരു വി.എസ്... ലാൽ സലാം സഖാവേ... സമരങ്ങളില്ലാതെ ഉറങ്ങുക... ഇനി വിശ്രമം.
തമിഴ്നടനും നിയുക്ത രാജ്യസഭാ എം.പിയുമായ കമൽഹാസനും വി.എസിനെ അനുസ്മരിച്ചു. കേരളത്തിനും രാജ്യത്തിനും നഷ്ടമായത് ഒരു സമരനായകനെയാണെന്ന് അദ്ദേഹം പറഞ്ഞു. അവഗണിക്കപ്പെട്ടവരുടെ മുന്നണിപ്പോരാളെയെന്നാണ് കമൽ വി.എസിനെ വിശേഷിപ്പിച്ചത്. വി.എസ്. വിസ്മരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ലെന്നും കമൽ പറഞ്ഞു.
പൃഥ്വിരാജ്,കുഞ്ചാക്കോബോബൻ,നിവിൻപോളി തുടങ്ങിയവരും വി.എസിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് അന്ത്യാഞ്ജലിയർപ്പിച്ചു.