മലയാളത്തിന്‍റെ പ്രിയനടൻ മമ്മൂട്ടി, ഇത്തവണ വാർത്തകളിൽ നിറയുന്നത് തന്റെ അഭിനയമുഹൂർത്തങ്ങൾ കൊണ്ടല്ല. മറിച്ച്, മതമതിലുകൾക്കപ്പുറം സ്നേഹത്തിന്റെ വിളമ്പുകാരനായി മാറിയ ഒരു അത്യപൂർവ നിമിഷത്തിലൂടെയാണ്. കൊച്ചി എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്യാൻ മമ്മൂട്ടി എത്തിയപ്പോൾ അവിടെ നിറഞ്ഞത് കേരളത്തിന്റെ മതേതര മനസിന്റെ പ്രഭയായിരുന്നു. ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യത്വത്തിന്റെ വലിയ സന്ദേശം പകർന്നുനൽകിയാണ് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമൂട്ടിന് മമ്മൂട്ടി തുടക്കം കുറിച്ചത്.
ക്ഷേത്രമുറ്റത്തെത്തിയ മമ്മൂട്ടിയെ ആചാരമര്യാദകളോടെ വൻ ജനാവലിയാണ് വരവേറ്റത്. പദ്മഭൂഷൺ പുരസ്കാര നേട്ടത്തിന്റെ തിളക്കവുമായെത്തിയ നടൻ ദീപം തെളിയിച്ചാണ് പ്രസാദമൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഊട്ടുപുരയിൽ സദ്യ വിളമ്പിക്കൊടുത്ത് മമ്മൂട്ടി തന്നെ പ്രസാദഊട്ടിന് തുടക്കമിട്ടു. തുടർന്ന് ഉത്സവത്തിന്റെ ഒന്നാംദിന സദ്യയിലെ പ്രഥമനായ ഗോതമ്പു പായസം ആസ്വദിച്ചു കഴിച്ചു
തന്നെ ഈ ചടങ്ങിലേക്കു ക്ഷണിച്ചതുതന്നെ നാടിന്റെ സൗഹൃദത്തിന്റെ വലിയൊരു അടയാളമാണെന്നും മനുഷ്യഹൃദയങ്ങളിൽ നന്മയുടെ വലിയ മാറ്റങ്ങൾ സംഭവിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു. സാമുദായികപരമായി വളരെ മൈത്രി ഉണ്ടാക്കുന്ന ഉത്സവമാണിത്. എല്ലാ മനുഷ്യരും ഒന്നിച്ചു ചേർന്നാണ് കേരളത്തിൽ ഉത്സവങ്ങൾ കൊണ്ടാടുന്നത്. അത്രയും മനോഹരമായ നാടാണ് കേരളം. സാമൂഹികമായ മാറ്റങ്ങളുടെ തുടക്കം എല്ലാവരും ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവങ്ങളിൽ നിന്നാണ് ഉണ്ടാവുന്നത്- മമ്മൂട്ടി പറഞ്ഞു.
20 മിനിറ്റോളം അദ്ദേഹം എറണാകുളത്തപ്പൻ മൈതാനിയിൽ ചെലവിട്ടു. കൊച്ചിൻ ദേവസ്വം- ബോർഡ് എറണാകുളത്തപ്പൻ ദേവസ്വം ഭാരവാഹികളുടെയും എറണാകുളം ശിവക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളുടെയും നേതൃത്വത്തിൽ മമ്മൂട്ടിയെ സ്വീകരിച്ചു.
ക്ഷേത്രം ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.പി. അജയൻ, ദേവസ്വം ഓഫീസർ അഖില്‍ ദാമോദരൻ, നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.