മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ചു. ഇരുവരുടെയും പുതിയ സിനിമകള്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന്റെ തലേന്നാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന അപൂര്‍വ വീഡിയോ പുറത്തുവിട്ടത്. മമ്മൂട്ടിയും ദുൽഖറും സോഷ്യൽമീഡിയ ഹാൻഡിലുകളിൽ ഇത് പങ്കുവെച്ചിട്ടുണ്ട്.
ധനുഷിനൊപ്പമുള്ള മമ്മൂട്ടി ചിത്രം ഒ.എം, ദുല്‍ഖറിന്റെ 'ആകാശംലോ ഒക താര' എന്നിവ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. തലേദിവസമായ വ്യാഴാഴ്ചയാണ് ഇരുവരും ചേർന്നുള്ള വീഡിയോ പ്രൊമോഷണല്‍ വിഡിയോ പുറത്തിറക്കിയത്.
'ആകാശംലോ ഒക താര' നാളെ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി പറയുമ്പോഴാണ്, പിന്നില്‍ നിന്ന് ഓടിക്കിതച്ച് ദുല്‍ഖര്‍ എത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടിയുടെ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'ഒ.എം' നാളെ റിലീസ് ചെയ്യുകയാണെന്ന് ദുല്‍ഖറും പ്രഖ്യാപിക്കുന്നു. പരസ്പരം നോക്കി ചിരിക്കുന്ന ഇരുവരുടെയും രസകരമായ നിമിഷങ്ങള്‍ അടങ്ങിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
'എല്ലാവര്‍ക്കും ഇരട്ടിവിരുന്ന്, നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും ഡിക്യുവും, രണ്ട് സിനിമകള്‍ക്കും എല്ലാ ആശംസകളും' എന്ന കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി പ്രൊമോഷണല്‍ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സാധാരണയായി തങ്ങളുടെ പ്രൊമോഷണല്‍ പരിപാടികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും വ്യത്യസ്തമായി പങ്കിടുന്നവരാണ് മമ്മൂട്ടിയും ദുല്‍ഖറും. സിനിമയില്‍ ഇതുവരെ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടില്ലെങ്കിലും, ഒരു പ്രൊമോഷണല്‍ വിഡിയോയിലെങ്കിലും ഒന്നിച്ചു കണ്ടതിന്റെ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികള്‍.
വ്യത്യസ്ത ഭാഷകളിലും വ്യത്യസ്ത ഴോണറുകളിലുമാണ് ഇരുവരുടെയും ചിത്രങ്ങള്‍. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ 'ഒ.എമ്മി'ല്‍ മമ്മൂട്ടിക്കൊപ്പം ധനുഷ്, സായ് പല്ലവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
പവന്‍ സാധിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ 'ആകാശംലോ ഒക താര'യില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം സാത്വിക വീരവല്ലി, ശ്രുതി ഹാസന്‍ എന്നിവരും വേഷമിടുന്നു. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.