മധുവിനൊപ്പം മമ്മൂട്ടി ഫോട്ടോ കടപ്പാട്-മമ്മൂട്ടി ഫേസ്ബുക്ക് പേജ്
Malayalam

മമ്മൂട്ടിയുടെ വാശിക്കു മുന്നില്‍ തോറ്റു;അങ്ങനെ മധു അഭിനയത്തിലേക്ക് തിരിച്ചെത്തി

പപ്പപ്പ ഡസ്‌ക്‌

മലയാള സിനിമയിലെ നിത്യഹരിതവിസ്മയം മധു വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയതിനു പിന്നില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സ്‌നേഹപൂര്‍ണമായ നിര്‍ബന്ധമായിരുന്നു. അഭിനയത്തില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ച തന്നെ മമ്മൂട്ടി എങ്ങനെയാണ് തിരികെ കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍സ്റ്റാര്‍.

പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത, മോഹന്‍ലാല്‍ നായകനായ ലൂസിഫറില്‍ പ്രധാനപ്പെട്ട വേഷം ചെയ്യാന്‍ മധുവിനു ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ചിത്രീകരണത്തിനു തൊട്ടുമുന്‍പ് ഉണ്ടായ അപകടം കാര്യങ്ങളെ മാറ്റിമറിക്കുകയായിരുന്നു. വീഴ്ചയെത്തുടര്‍ന്ന് മുഖത്ത് പരിക്കേറ്റ മധുവിനു നിശ്ചയിച്ച സമയത്ത് സെറ്റിലെത്താന്‍ കഴിഞ്ഞില്ല. അണിയറപ്രവര്‍ത്തകര്‍ കാത്തിരിക്കാന്‍ തയാറായിരുന്നുവെങ്കിലും, ഇതൊരു വിരമിക്കാനുള്ള സൂചനയായി കണ്ട് അദ്ദേഹം സിനിമയില്‍നിന്നു സ്വയം പിന്മാറുകയായിരുന്നു.

കഴിഞ്ഞവർഷം മധുവിന്റെ പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രവും വരിയും

അഭിനയത്തോട് വിടപറയാന്‍ തീരുമാനിച്ച മധുവിനെ തേടി മമ്മൂട്ടി നേരിട്ടെത്തിയതാണ് രണ്ടാം വരവിന് വഴിയൊരുക്കിയത്. സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത 'വണ്‍' എന്ന ചിത്രത്തിലെ കോളജ് പ്രിന്‍സിപ്പല്‍ വാസുദേവ പണിക്കര്‍ എന്ന വേഷം മധു തന്നെ ചെയ്യണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 'മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗുരുവായി ഞാന്‍ തന്നെ വരണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു. മമ്മൂട്ടിയും സംവിധായകനും നിര്‍മാതാവും എഴുത്തുകാരനുമെല്ലാം ആ റോളില്‍ എന്നെയാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.'- മധു ഓര്‍ക്കുന്നു.

മധു

ഒടുവില്‍, തന്റെ വീടിനടുത്തായി ഷൂട്ടിങ് നടത്തണമെന്ന മധുവിന്റെ നിബന്ധന കൂടി അംഗീകരിച്ചതോടെ അദ്ദേഹം വീണ്ടും അഭിനയത്തിലേക്കു തിരിച്ചെത്തി. ചിത്രത്തില്‍ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഗുരുനാഥനായി മധുവും അവിസ്മരണീയ പ്രകടനം കാഴ്ചവച്ചു. താന്‍ കണ്ടിട്ടുള്ള ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മധുവാണെന്ന് മമ്മൂട്ടി പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. കഴിഞ്ഞ 92-ാം ജന്മദിനത്തിലും തന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് മമ്മൂട്ടി ആശംസ നേർന്നിരുന്നു. കഴിഞ്ഞവർഷം നവംബറിൽ മധുവിനെ കാണാൻ മമ്മൂട്ടി തിരുവനന്തപുരത്തെ വീട്ടിലെത്തുകയും ചെയ്തു. തലമുറകള്‍ മാറുമ്പോഴും ഈ രണ്ട് മഹാനടന്മാര്‍ തമ്മിലുള്ള ആത്മബന്ധം മലയാള സിനിമയിലെ മനോഹരമായ കാഴ്ചയായി തുടരുന്നു.