ചെറിയ ബജറ്റിൽ വലിയ ചിരിച്ചിത്രങ്ങളൊരുക്കിയ സംവിധായകൻ നിസാർ (65) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു .
തൃക്കൊടിത്താനം പുലിക്കോട്ടുപടി പരേതനായ അബ്ദുൽഖാദറിന്റെ മകനാണ്. ചങ്ങനാശ്ശേരിയിലുള്ള മകളുടെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ചൊവ്വാഴ്ച ചങ്ങനാശേരി പഴയ പള്ളിയിൽ ഖബറടക്കും.
ചുരുങ്ങിയ ബജറ്റിൽ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് മുഖ്യധാര സിനിമകൾ ഒരുക്കി വിജയിപ്പിക്കുന്നതിൽ ശ്രദ്ധേയനായിരുന്നു. സാധാരണ സീനുകളിൽ ഡ്യൂപ്പുകളെ ഉപയോഗിച്ചും ചീറ്റിങ്ങ് ഷോട്ടുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയുമാണ് നിസാർ വേഗത്തിൽ ചിത്രങ്ങളൊരുക്കിയത്.
ജഗതി ശ്രീകുമാറിനെപ്പോലുള്ള തിരക്കുപിടിച്ച താരങ്ങളുടെ ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് കൊണ്ട് സിനിമയിലെ മുഴുനീള വേഷം ചിത്രീകരിച്ച നിസാറിന്റെ വൈഭവം പ്രശസ്തമാണ്. കെ.കെ ഹരിദാസ്, ലാൽ ജോസ് , അൻവർ റഷീദ്, മാർത്താണ്ഡൻ തുടങ്ങി സമ്പന്നമായ ശിഷ്യനിരയുണ്ട് . മിമിക്രി കലാകാരന്മാർ ഉൾപ്പടെ ധാരാളം നവാഗത പ്രതിഭകൾക്ക് സിനിമയിൽ അവസരം നല്കി.
1994-ൽ പുറത്തിറങ്ങിയ 'സുദിനം' ആണ് ആദ്യ സിനിമ. ദിലീപ്, ഇന്ദ്രൻസ് എന്നിവരുടെ ചലച്ചിത്ര ജീവിതത്തിലെ നിർണ്ണായകവിജയമായ 'ത്രീമെൻ ആർമി' ക്കുപുറമേ മലയാളമാസം ചിങ്ങം ഒന്നിന്,നന്ദഗോപാലന്റെ കുസൃതികൾ,പടനായകൻ,ബ്രിട്ടീഷ് മാർക്കറ്റ്,അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്,ന്യൂസ് പേപ്പർ ബോയ്,ചേനപ്പറമ്പിലെ ആനക്കാര്യം,ഓട്ടോ ബ്രദേഴ്സ്,മേരാ നാം ജോക്കർ തുടങ്ങി 25ഓളം സിനിമകൾ സംവിധാനം ചെയ്തു. 'കളേഴ്സ്' എന്ന പേരിലുള്ള തമിഴ് ചിത്രവും ഒരുക്കി. 2024-ൽ റിലീസായ 'ടു മെൻ ആർമി'യാണ് അവസാനചിത്രം.
സിംഗിൾ ഷോട്ട് ട്രീറ്റ്മെന്റിൽ ചെയ്‌ത 'ടു ഡേയ്സ്' എന്ന സിനിമ ഒട്ടേറെ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു . ഇതിന് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.