പുന്നപ്ര അപ്പച്ചൻ ദിലീപ് കുമാറിനൊപ്പം 'ദുനിയാ' എന്ന സിനിമയുടെ സെറ്റിൽ ഫോട്ടോ കടപ്പാട്-​ഗോപാലകൃഷ്ണൻ ഫേസ്ബുക്ക് പേജ്
Malayalam

പി.എം.ബെന്നി,പുന്നപ്ര അപ്പച്ചന്‍, കണ്ണന്‍പട്ടാമ്പി,മുന്‍ഷിഹരി... നഷ്ടങ്ങളുടെ ജനുവരി

പപ്പപ്പ ഡസ്‌ക്‌

പുതുവര്‍ഷം പിറന്നതിനു തൊട്ടുപിന്നാലെ നഷ്ടങ്ങളുടെ ലോകത്ത് മലയാള സിനിമ. പ്രമുഖ സംവിധായകനും വിഖ്യാത ചലച്ചിത്രകാരന്‍ എ. വിന്‍സെന്റിന്റെ ഭാര്യാസഹോദരനുമായ പി.എം. ബെന്നി, നടന്‍ പുന്നപ്ര അപ്പച്ചന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ കണ്ണന്‍ പട്ടാമ്പി എന്നിവരുടെ നിര്യാണമാണ് ചലച്ചിത്രപ്രവര്‍ത്തകരെ ദു:ഖത്തിലാഴ്ത്തിയത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അക്ഷേപഹാസ്യ പരമ്പരയായ മുന്‍ഷിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ മുന്‍ഷി ഹരി എന്ന 52-കാരനും വിടപറഞ്ഞു. ഞായറാഴ്ചയും തിങ്കളാഴ്ചയും അങ്ങനെ മലയാളസിനിമയ്ക്ക് കറുത്ത ദിനങ്ങളായി.

പി.എം. ബെന്നി മലയാള സിനിമയുടെ സുവര്‍ണകാലഘട്ടത്തോടൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനാണ്. എ. വിന്‍സെന്റ് എന്ന വിഖ്യാത സംവിധായകന്റെ അസിസ്റ്റന്റ് ആയി തുടങ്ങുകയും പിന്നീട് മൂഹൂര്‍ത്തങ്ങള്‍ എന്ന സിനിമയിലൂടെ സ്വതന്ത്രസംവിധായകനായി മാറുകയും ചെയ്ത പ്രതിഭയാണ് പി.എം. ബെന്നി. 94-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ ആലപ്പുഴിലെ തുറവൂരാണ് അദ്ദേഹം ജനിച്ചത്. എ. വിന്‍സെന്റിന്റെ ഭാര്യാ സഹോദരനാണ് പി.എം. ബെന്നി. വിന്‍സെന്റ് മാഷിന്റെ ധാരാളം ചിത്രങ്ങളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.എം.ബെന്നി

1977-ല്‍ ശ്രീവിദ്യ, എം.ജി. സോമന്‍, റാണി ചന്ദ്ര, സുധീര്‍, കെപിഎസി സണ്ണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'മുഹൂര്‍ത്തങ്ങള്‍' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തു. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എന്‍. കരുണാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്. 'തുലാഭാരം' എന്ന സിനിമയിലെ 'കാറ്റടിച്ചു കൊടും കാറ്റടിച്ചു'... എന്ന ഗാനരംഗത്ത് അദ്ദേഹം മത്സ്യത്തൊഴിലാളിയായി അഭിനയിച്ചിട്ടുണ്ട്.

പുന്നപ്ര അപ്പച്ചൻ

നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രമായി വേഷമിട്ട പുന്നപ്ര അപ്പച്ചനും തിങ്കളാഴ്ച ചലച്ചിത്രലോകത്തുനിന്ന് വിടപറഞ്ഞു. അദ്ദേഹത്തിന് 77 വയസായിരുന്നു. വീഴ്ചയിലുണ്ടായ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ പുന്നപ്രയാണ് അപ്പച്ചന്റെ സ്വദേശം. 1965-ല്‍ ഉദയ സ്റ്റുഡിയോ നിര്‍മിച്ച് സത്യന്‍ നായകനായ ഒതേനന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് അപ്പച്ചന്‍ ചലച്ചിത്രലോകത്ത് പ്രവേശിക്കുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ കൈകാര്യം ചെയ്‌തെങ്കിലും അനുഭവങ്ങള്‍ പാളിച്ചകള്‍ (1971) എന്ന സിനിമയിലാണ് അപ്പച്ചന്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പുന്നപ്ര അപ്പച്ചന്റെ ആദ്യകാലസിനിമകളിലൊന്നിൽ നിന്നുള്ള ദൃശ്യം

തോപ്പില്‍ ഭാസിയുടെ തിരക്കഥയില്‍ കെ.എസ്. സേതുമാധവനാണ് ചിത്രം സംവിധാനം ചെയ്തത്. അക്കാലത്തെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. സത്യന്‍, പ്രേംനസീര്‍, ഷീല, അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി, മമ്മൂട്ടി, മുതുകുളം രാഘവന്‍ പിള്ള, കെപിഎസി ലളിത, പാലാ തങ്കം, പറവൂര്‍ ഭരതന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തൊഴിലാളി നേതാവായിട്ടായിരുന്നു പുന്നപ്ര അപ്പച്ചന്‍ അഭിനയിച്ചത്. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനിലാണ് അവസാനമായി അഭിനയിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ അനന്തരം എന്ന സിനിമയില്‍ വേഷമിട്ട പുന്നപ്ര അപ്പച്ചന്‍ അടൂരിന്റെ തുടര്‍ന്നുള്ള സിനിമകളിലും അഭിനയിച്ചു. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും കൂടെ അപ്പച്ചന്‍ അഭിനയിച്ചിട്ടുണ്ട്. കന്യാകുമാരി, പിച്ചിപ്പു, നക്ഷത്രങ്ങളേ കാവല്‍, അങ്കക്കുറി, ഇവര്‍, വിഷം, ഓപ്പോള്‍, കോളിളക്കം, ഇത്തിരി നേരം ഒത്തിരി കാര്യം, ആട്ടക്കലാശം, അസ്ത്രം, പാവം ക്രൂരന്‍ തുടങ്ങിയവയാണ് പുന്നപ്ര അപ്പച്ചന്റെ ആദ്യകാലത്തെ ശ്രദ്ധേയ ചിത്രങ്ങള്‍.

കണ്ണൻ പട്ടാമ്പി

നിരവധി ഹിറ്റ് മലയാള സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായി കണ്ണന്‍ പട്ടാമ്പി (62) യുടെ വിയോഗവും ചലച്ചിത്രലോകത്തെ ദു:ഖത്തിലാഴ്ത്തി. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി 11:40 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ പട്ടാമ്പി ഞാങ്ങന്തിരിയിലെ വസതിയില്‍ നടന്നു. സംവിധായകൻ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍ പട്ടാമ്പി.

മേജര്‍ രവിയുടെ സംവിധാനത്തിലൊരുങ്ങിയ സിനിമകളുടെ ചുക്കാന്‍ പിടിച്ചത് കണ്ണന്‍ ആയിരുന്നു. മോഹന്‍ലാല്‍ അഭിനയിച്ച നിരവധി ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ബോക്‌സ് ഓഫീസില്‍ 100 കോടി രൂപ നേടിയ ആദ്യ മലയാള ചിത്രമായി മാറിയ പുലിമുരുകനിലും കണ്ണന്‍ ശ്രദ്ധേയസാന്നിധ്യമായിരുന്നു. പുനരധിവാസം, അനന്തഭദ്രം, ഒടിയന്‍, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്‍, കാണ്ഡഹാര്‍, തന്ത്ര തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മുൻഷി ഹരി

മിനിസ്‌ക്രീന്‍ രംഗത്തു തിളങ്ങിനിന്ന മുന്‍ഷി ഹരി എന്നറിയപ്പെടുന്ന എന്‍.എസ്. ഹരീന്ദ്രകുമാര്‍ (52-) അന്തരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസിലെ ജനപ്രിയ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ മുന്‍ഷി എന്ന പരമ്പരയിലൂടെയാണ് ഹരി പ്രശസ്തനായത്. വീട്ടിലേക്കു നടന്നുപോകവേ റോഡരികില്‍ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലമുണ്ഡനം ചെയ്ത് കോഴിയെയും പിടിച്ചുനില്‍ക്കുന്ന ഹാസ്യകഥാപാത്രമായിരുന്നു ഹരീന്ദ്രകുമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുന്‍ഷിയില്‍ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.