മോഹൻലാലും മേജർ രവിയും ഫോട്ടോ-മേജർരവി ഫേസ്ബുക്ക് പേജ്
Malayalam

വരുന്നൂ മേജര്‍ രവിയുടെ 'ബഡാ അനൗണ്‍സ്മെന്റ്'; മഹാദേവന്‍ വീണ്ടുമെത്തുമോ..?

പപ്പപ്പ റിപ്പോര്‍ട്ടര്‍

സൈനികരുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമകള്‍ക്കൊണ്ട് മലയാളികളെ ത്രസിപ്പിച്ച സംവിധായകന്‍ മേജര്‍ രവി വീണ്ടും പട്ടാളക്കഥയുമായെത്തുന്നു. മലയാളപ്രേക്ഷകര്‍ കണ്ടുപരിചയിച്ച പട്ടാളക്കഥകളില്‍നിന്ന് വ്യത്യസ്തമായി, സൈനികരുടെ യഥാര്‍ഥജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്നു ഇതുവരെയുള്ള മേജര്‍ രവിയുടെ ചിത്രങ്ങള്‍. സൈനികജീവിതത്തിന്റെ അനുഭവത്തീച്ചൂളയിലൂടെ കടന്നുപോയ മേജര്‍ രവി, സൈനികരുടെ കഥ പറയുമ്പോള്‍ അതില്‍ തന്റെതന്നെ ജീവിതത്തിന്റെ അനുഭവങ്ങളും വരച്ചിടുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം മേജര്‍ രവിയുടെ സൈനികജീവിതത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്തതാണെന്ന് അദ്ദേഹംതന്നെ പറയാതെ പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മേജര്‍ രവിയുടെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. പഴയ ഴോണറിലുള്ള സിനിമയാണെന്ന സംവിധായകന്റെ വെളിപ്പെടുത്തലില്‍ത്തന്നെ, അതൊരു പട്ടാളക്കഥയായിരിക്കുമെന്നുതന്നെയാണ് സൂചന. മാധ്യമങ്ങളോടു സംസാരിക്കവെ മേജര്‍ രവി പറഞ്ഞു:

'ഒരു വലിയ പ്രോജക്ട് വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയാം. ബഡാ അനൗണ്‍സ്മെന്റ് ആയിരിക്കും. പ്രിവ്യൂ കാണാന്‍ എല്ലാവരെയും ഞാന്‍ വിളിക്കും. അതിനുള്ള ചങ്കൂറ്റം എനിക്കുണ്ട്. ഹിന്ദിയില്‍ ചെയ്യാന്‍ ആഗ്രഹിച്ച ചിത്രം ഇപ്പോള്‍ പെന്‍ഡിങ്ങിലാണ്. വരുന്നത് പാന്‍ ഇന്ത്യന്‍ ചിത്രം തന്നെയായിരിക്കും...'

മോഹൻലാലും മേജർ രവിയും

മോഹന്‍ലാല്‍ ആയിരിക്കുമോ നായകന്‍ എന്ന ചോദ്യത്തിന് അദ്ദേഹം ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ ആയിരിക്കും ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടില്‍ പിറന്ന കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളാണ്.