മലയാളം സിനി ടെക്നീഷൻസ് അസോസിയേഷ(മാക്ട)നും രാജഗിരി മാനേജ്മെന്റ് കോളേജും ചേർന്ന് കാക്കനാട് രാജഗിരി ക്യാമ്പസിൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. സെപ്തംബർ 24 മുതൽ 26 വരെ തീയതികളിലാണിത്. വിവിധ കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളായിരിക്കും പ്രധാന ഡെലിഗേറ്റുകൾ.
മാക്ടയുടെ സ്ഥാപക ചെയർമാനായ കെ.ജി.ജോർജിന്റെ ചരമവാർഷിക ദിനമായ സെപ്തംബർ 24 ന് രാവിലെ ആരംഭിക്കുന്ന മേളയിൽ അദ്ദേഹം സംവിധാനം ചെയ്ത 'പഞ്ചവടിപ്പാലം' ആണ് ഉദ്ഘാടന ചിത്രം. കെ.ജി.ജോർജിന്റെ മകൾ താരാജോർജ് ചടങ്ങിൽ പങ്കെടുക്കും. ജോർജിന്റെ പുസ്തകശേഖരത്തിൽ നിന്നുള്ള പുസ്തകങ്ങൾ അവർ മാക്ട ലൈബ്രറിയിലേക്ക് കൈമാറും.
ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയങ്ങളായ മികച്ച ഫീച്ചർ സിനിമകളും ഡോക്യുമെന്ററികളും മേളയിൽ പ്രദർശിപ്പിക്കും. പ്രതിഭാധനരായ ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരുടെ പങ്കാളിത്തവുമുണ്ടാവും. ചലച്ചിത്ര പ്രതിഭകളുമായുള്ള മുഖാമുഖങ്ങളും സിനിമയെ ആഴത്തിൽ അറിയുവാൻ സഹായിക്കുന്നതും അനുഭവങ്ങൾ പങ്കുവയ്ക്കുന്നതുമായ സംവാദങ്ങളും ചലച്ചിത്രമേളയെ സജീവമാക്കുമെന്ന മാക്ട ചെയർമാൻ ജോഷി മാത്യവും ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റിയും അറിയിച്ചു.