എംത്രീഡിബി വികസിപ്പിച്ചെടുത്ത എഐ അവതാരക ആൻഡ്രിയ ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ഇനി ആൻഡ്രിയ റിവ്യൂ പറയും; എഐ 'അവതാറിക'യുമായി എംത്രീഡിബി

പപ്പപ്പ റിപ്പോര്‍ട്ടര്‍

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അഥവാ നിർമിതബുദ്ധിയെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. പുട്ടുപൊടിയുടെ പരസ്യത്തിൽ മുതൽ ചാനൽ ഫ്ളോറുകളിലും വാർത്തകളുടെ സപ്പോർട്ടിങ് വിഷ്വലുകളിലും വരെ ഇപ്പോൾ എഐ മയമാണ്. സിനിമയിലാകട്ടെ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ അനന്ത സാധ്യതകൾ അങ്ങ് ഹോളിവുഡ് മുതൽ ഇവിടെ നമ്മുടെ മോളിവുഡ് വരെയും ഉപയോഗപ്പെടുത്തി തുടങ്ങി. അപ്പോൾ സിനിമാ റിവ്യൂ മാത്രം എന്തിന് മാറി നിൽക്കണം? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ആൻഡ്രിയ എന്ന എഐ അവതാരക.(എഐ അവതാർ എന്ന വാക്കിനോട് ബന്ധപ്പെടുത്തിയാൽ 'അവതാറിക' എന്നും പറയാം!)

എഐ അവതാരക ആൻഡ്രിയ

മലയാളത്തിലെ ഏറ്റവും ബൃഹത്തായ സിനിമാ, സംഗീത ഡാറ്റാബേസ് ആയ മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് (എംത്രീഡിബി) ആണ് ഈ പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്. ജിയോ ഹോട്ട്‌സ്റ്റാറിൽ ഇപ്പോൾ സ്ട്രീംചെയ്യുന്ന 'കേരളാ ക്രൈം ഫയൽസ് - സീസൺ 2' എന്ന മലയാളം വെബ് സീരിസിൻ്റെ റിവ്യൂ ആണ് എംത്രീഡിബി വികസിപ്പിച്ചെടുത്ത എഐ കഥാപാത്രമായ ആൻഡ്രിയ അവതരിപ്പിക്കുക. എംത്രീഡിബിയുടെ യൂ ട്യൂബ് ചാനൽ, ഫേസ്ബുക്ക് ഗ്രൂപ്പ്, പേജ്, ഇൻസ്റ്റാഗ്രാം പേജ് എന്നിവയിലൂടെ ഈ ആൻഡ്രിയയുടെ റിവ്യൂ പ്രേക്ഷകരിലേക്കെത്തും.

ആൻഡ്രിയ കേരള ക്രൈംഫയൽസിന്റെ റിവ്യൂ അവതരിപ്പിക്കുന്നു

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിനിമാ സംബന്ധിയായ വീഡിയോകളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാനുള്ള എംത്രീഡിബിയുടെ ശ്രമത്തിൻ്റെ ആദ്യ പടിയാണ് ഇതെന്നും ഇത്തരം പരീക്ഷണങ്ങൾ തുടരുമെന്നും പ്രോജക്ടിന് ചുക്കാൻ പിടിച്ച എംത്രീഡിബി സാരഥികൾ പറഞ്ഞു.