റെക്കോഡുകളുടെ തങ്കത്തിളക്കത്തിലാണ് കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ഡൊമിനിക് അരുണും 'ലോക:'യുടെ അണിയറക്കാരും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളചിത്രമായി മാറി 'ലോക:'. വനിതാ സൂപ്പര്‍ഹീറോ ചിത്രം 142.90 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍നിന്നു വാരിക്കൂട്ടിയത്. 142.08 കോടി രൂപ കളക്ഷന്‍ നേടിയ 'മഞ്ഞുമ്മല്‍ ബോയ്സി'നെ പിന്തള്ളിയാണ് 'ലോക:'യുടെ ചരിത്രനേട്ടം. 300 കോടി നേടുന്ന ആദ്യ മലയാള സിനിമ എന്ന അപൂർവബഹുമതിക്കരികെയാണ് ചിത്രം.
വിതരണക്കാര്‍ പോലും ഏറ്റെടുക്കാതിരുന്ന ചിത്രം, യങ് സൂപ്പര്‍ സ്റ്റാര്‍ കൂടിയായ നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍ നേരിട്ടു വിതരണം നടത്തുകയായിരുന്നു. റിലീസ് ചെയ്ത ആദ്യദിവസം തന്നെ ചന്ദ്രയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. തുടര്‍ന്ന് കാട്ടുതീ പോലെ 'ലോക:' ഇന്ത്യന്‍ വെള്ളിത്തിരയില്‍ പടര്‍ന്നുകയറി. 'ലോക:'യുടെ പടയോട്ടത്തില്‍ ആ സമയം റിലീസ് ചെയ്ത സൂപ്പര്‍താരചിത്രങ്ങളെല്ലാം വിറച്ചു. ലണ്ടനില്‍ ആഗോളതാരം രജനികാന്തിന്റെ 'കൂലി'യെയും കളക്ഷനില്‍ 'ലോക:' പിന്തള്ളിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളായും ചിത്രം പുറത്തിറങ്ങി. പിന്നെയല്ലാം ചരിത്രം!
ആദ്യ ആഴ്ചയില്‍ ചിത്രം 54.7 കോടിയും രണ്ടാം ആഴ്ചയില്‍ 47 കോടിയും, മൂന്നാം ആഴ്ചയില്‍ 27.1 കോടിയും, നാലാം ആഴ്ചയില്‍ 13.25 കോടിയും നേടി. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം വെള്ളിയാഴ്ചത്തെ 85 ലക്ഷം രൂപയുടെ കളക്ഷനാണ് ലോകയെ ഒന്നാം സ്ഥാനത്ത് ഉയര്‍ത്തിയത്. മലയാളത്തില്‍നിന്ന് 111.17 കോടിയും തമിഴില്‍നിന്ന് 14.48 കോടിയും, തെലുങ്കില്‍ 13.65 കോടിയും കോടി. ഹിന്ദിയില്‍ സമ്മിശ്ര പ്രതികരണമാണു ലഭിച്ചതെങ്കിലും മികച്ച കളക്ഷന്‍ നേടിയിരുന്നു.
'ലോക:'യുടെ മൊത്തം കളക്ഷന്‍ 290 കോടി രൂപ പിന്നിട്ടതായാണ് കണക്ക്. 30 ദിവസം കൊണ്ട് മലയാളത്തില്‍ 100 കോടി കടന്ന മൂന്നാമത്തെ ചിത്രം എന്ന റെക്കോര്‍ഡും, 100 കോടി കടന്ന ഒരേയൊരു വനിതാ ചിത്രം എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കി. ആലിയ ഭട്ടിന്റെ റാസി, ഗംഗുഭായ് കത്തിയവാടി എന്നീ ചിത്രങ്ങളെ മറികടന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വനിതാചിത്രം എന്ന നേട്ടവും കല്യാണി ലോകയുടെ തന്റെ പേരില്‍ കുറിച്ചു.
ദുല്‍ഖര്‍ സല്‍മാനും ഡൊമിനിക് അരുണും ചേര്‍ന്നൊരുക്കുന്ന നിര്‍മിക്കുന്ന അഞ്ചുഭാഗങ്ങളുള്ള 'ലോക:'യുടെ ആദ്യഭാഗമാണ് ചന്ദ്ര. അടുത്തഭാഗത്തില്‍ ടൊവിനോ തോമസ് നായകനാകും. അടുത്തിടെ പുറത്തുവിട്ട രണ്ടാം ഭാഗത്തിന്റെ ടീസര്‍ വന്‍ തരംഗമായി മാറി.