38വർഷത്തിനു ശേഷം ലിസി പ്രിയദർശന്റെ ക്യാമറയ്ക്ക് മൂന്നിലേക്ക് നടന്നുവന്നു. കൂടെ അഭിനയിക്കുന്നവരിലൊരാൾ ലിസിയെ പുണർന്നു. അത് കല്യാണി പ്രിയദർശനായിരുന്നു. മുന്നുപതിറ്റാണ്ടിന്റെ ഇടവേള കഴിഞ്ഞ് ലിസി അഭിനയത്തിലേക്ക് വീണ്ടുമെത്തുമ്പോൾ സംവിധായകനായി പ്രിയദർശൻ,സഹതാരമായി കല്യാണി. കല്യാൺ ജൂവലേഴ്സിന്റെ പുതിയ പരസ്യ ചിത്രം അത്യപൂർവതകളുടെ സംഗമമായി.
1988-ൽ 'ചിത്രം' എന്ന സിനിമയിലാണ് ലിസി അവസാനമായി പ്രിയന്റെ ക്യാമറയ്ക്ക് മുന്നിൽ നിന്നത്. 1991 ഓടെ, പ്രിയനുമായുള്ള വിവാഹശേഷം മലയാളസിനിമയിൽ നിന്ന് ഏതാണ്ട് പൂർണമായി വിടവാങ്ങിയ ലിസി പിന്നീട് 2018-ൽ ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു. പിന്നീട് അഭിനയരംഗത്തുനിന്ന് അപ്രത്യക്ഷയായി.
അഭിനയത്തിലേക്കുള്ള ലിസിയുടെ തിരിച്ചുവരവിനു കൂടി വേദിയായി മാറി കല്യാൺ ജൂവലേഴ്സ് പരസ്യചിത്രം. അതാകട്ടെ ഭർത്താവിനും മകൾക്കുമൊപ്പമെന്ന പ്രത്യേകതകൂടിയുണ്ട്. ചെന്നൈയിലായിരുന്നു ഷൂട്ടിങ്. ലിസിക്കും കല്യാണിക്കും പുറമേ തമിഴക സൂപ്പർതാരം പ്രഭുവും പരസ്യ ചിത്രത്തിലുണ്ട്.