ലിജുകൃഷ്ണ,​ഗീതുമോഹൻദാസ് ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

വ്യാജബലാത്സം​ഗക്കേസിനുപിന്നിൽ ​ഗീതുമോഹൻദാസ്: ​ഗുരുതര ആരോപണവുമായി സംവിധായകൻ ലിജുകൃഷ്ണ

പപ്പപ്പ റിപ്പോര്‍ട്ടര്‍

തനിക്കെതിരായ ബലാത്സം​ഗക്കേസിനുപിന്നിൽ നടിയും സംവിധായികയുമായ ​ഗീതുമോഹൻദാസാണെന്ന ​ഗുരുതര ആരോപണവുമായി പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിനുപിന്നാലെയാണ് ലിജു ​ഗീതുവിനെതിരേ രം​ഗത്തുവന്നത്. വ്യക്തിപരമായ വൈരാഗ്യത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജക്കേസ് കെട്ടിച്ചമച്ചത് ഗീതു മോഹന്‍ദാസാണെന്ന് കോടതിവിധിക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതിയായ തെളിവുകളുടെ അഭാവത്തില്‍ എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയാണ് ലിജുകൃഷ്ണയെ വെറുതെ വിട്ടത്.

2020-ല്‍ കാക്കനാട്ടെ ഫ്ലാറ്റിലും വിവിധ ഹോട്ടലുകളിലും വെച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്ന കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ലിജുവിനെതിരേ 2022-ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂരിലെ 'പടവെട്ട്' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ലിജുഅറസ്റ്റിലായതിനെത്തുടര്‍ന്ന് ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, കഴിഞ്ഞ അഞ്ച് വര്‍ഷമായി താനും കുടുംബവും അനുഭവിച്ച കടുത്ത മാനസിക പ്രയാസങ്ങള്‍ ലിജു പങ്കുവെച്ചു. സത്യം ജയിച്ചുവെന്നും, കഴിഞ്ഞ അഞ്ച് വര്‍ഷം തനിക്കും കുടുംബത്തിനും കഠിനമേറിയ കാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അച്ഛന് കടയുണ്ടായിരുന്നു. കേസിനുശേഷം കടതുറന്നിട്ടില്ല. വീട്ടുകാർ ഒരു ചടങ്ങുകളിലും പോകാറില്ല. വീടിന്റെ മുൻവാതിൽ എപ്പോഴും അടഞ്ഞുതന്നെ കിടന്നു. ഈ കാലയളവില്‍ തന്റെ തൊഴില്‍ മേഖലയില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്നെന്നും വ്യാജക്കേസ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ എണ്ണമറ്റതാണെന്നും അദ്ദേഹം പറഞ്ഞു.

ലിജുകൃഷ്ണ,​ഗീതുമോഹൻദാസ് 'ടോക്സിക്' സിനിമയുടെ ഷൂട്ടിങ്ങിനിടെ

ഗീതു മോഹന്‍ദാസിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ലിജു കൃഷ്ണ ആരോപണങ്ങള്‍ കടുപ്പിച്ചത്. 'പടവെട്ട്' സിനിമയുടെ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന വനിതാ സംവിധായികയുമായി തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും, അത് ഗീതു മോഹന്‍ദാസാണെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങള്‍ പിന്നീട് തര്‍ക്കങ്ങളിലേക്ക് വഴിമാറിയെന്നും, കേവലം ഈഗോയുടെ പേരിലാണ് കേസ് കെട്ടിച്ചമച്ചതെന്നുമാണ് ലിജുവിന്റെ ആരോപണം.

ലിജുകൃഷ്ണ 'പടവെട്ട്' ഷൂട്ടിങ്ങിനിടെ

തന്റെ അറസ്റ്റിന് ശേഷം 'പടവെട്ട്' എന്ന ചിത്രത്തില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാനും ചിത്രത്തിന്റെ റിലീസ് തടയാനും ഗീതു മോഹന്‍ദാസ് ശ്രമിച്ചതായും ലിജു ആരോപിച്ചു. വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) എന്ന സംഘടനയിലെ അംഗമെന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് തനിക്കെതിരെ സമ്മര്‍ദം ചെലുത്താന്‍ ഗീതു ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. സിനിമയുടെ റിലീസ് തടയുന്നതിനായി കേരളത്തിലെ വിവിധ സിനിമാ സംഘടനകള്‍ക്ക് നോട്ടീസുകളും ഇമെയിലുകളും അയച്ചിരുന്നതായും ലിജു വെളിപ്പെടുത്തി.

ഗീതു മോഹൻദാസിന് ജന്മദിനാശംസ നേർന്നുള്ള 'ടോക്സിക്' ടീമിന്റെ വീഡിയോയിൽ നിന്ന്

ഡബ്ല്യുസിസി എന്ന സംഘടനയോട് തനിക്ക് യാതൊരു വിയോജിപ്പുമില്ല. അതിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നു. സിനിമാ മേഖലയില്‍ അതിന്റെ സാന്നിധ്യം പ്രധാനമാണ്. എന്നാല്‍, വ്യാജക്കേസ് കെട്ടിച്ചമച്ച് തന്റെ കരിയര്‍ തകര്‍ക്കാന്‍ സംഘടനയെ ഒരാള്‍ ദുരുപയോഗം ചെയ്‌തു- അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഒരു പോരാട്ടത്തിന് താന്‍ താല്പര്യപ്പെടുന്നില്ലെങ്കിലും ചില സത്യങ്ങള്‍ പുറത്തുവരേണ്ടതുണ്ടെന്ന് ലിജു പറഞ്ഞു. യഥാര്‍ഥത്തില്‍ അതിക്രമങ്ങള്‍ നേരിടുകയും നീതി അര്‍ഹിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വിശ്വാസ്യതയെ ഇത്തരം സംഭവങ്ങള്‍ സംശയത്തിന്റെ നിഴലിലാക്കരുതെന്ന് കരുതിയാണ് താന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പടവെട്ട്' പോസ്റ്റർ

നിര്‍മാണ ഘട്ടത്തില്‍ നിരവധി തടസങ്ങള്‍ നേരിട്ട ചിത്രമായിരുന്നു 'പടവെട്ട്'. 2019 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ചെങ്കിലും കോവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് ഷൂട്ടിങ് തടസപ്പെട്ടു. ഒടുവില്‍ 2022 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുകയും ഏഴ് മാസത്തിന് ശേഷം ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ചിത്രം കനത്ത പരാജയമാണ് നേരിട്ടത്.