കെസിഎൽ പരസ്യത്തിൽ മോഹൻലാൽ സ്ക്രീൻ​ഗ്രാബ്
Malayalam

മോഹൻലാൽ,ഷാജികൈലാസ്,സുരേഷ്കുമാർ കൂട്ടുകെട്ടിന്റെ സിക്സർ;റെക്കോഡുകളുടെ ബൗണ്ടറിക്കപ്പുറം കെസിഎൽ പരസ്യം

പപ്പപ്പ റിപ്പോര്‍ട്ടര്‍

കേരള ക്രിക്കറ്റ് ലീഗിന്റെ(കെസിഎൽ) പരസ്യത്തിന് വേണ്ടി മലയാളത്തിന്റെ ഐതിഹാസിക കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പിറന്നത് പുതിയ റെക്കോഡുകള്‍. താരരാജാവ് മോഹന്‍ലാലും, സംവിധായകന്‍ ഷാജി കൈലാസും, നിര്‍മ്മാതാവ് സുരേഷ് കുമാറും ഒരുമിച്ച പരസ്യചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് 'സിനിമാറ്റിക് സിക്‌സര്‍' തന്നെയാണ്. ഇന്‍സ്റ്റഗ്രാമില്‍ റിലീസ് ചെയ്ത് വെറും 36 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നു. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയ പരസ്യം, അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇരട്ടിയോളം പേര്‍ കണ്ടതോടെയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്.

പ്രശസ്ത സംവിധായകന്‍ ഗോപ്‌സ് ബെഞ്ച്മാര്‍ക്കിന്റെ മേല്‍നോട്ടത്തില്‍ ഒരുങ്ങിയ പരസ്യം ക്രിക്കറ്റിന്റെ ആവേശവും സിനിമയുടെ ഗ്ലാമറും സമന്വയിക്കുന്നതാണ്. സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തില്‍ മോഹന്‍ലാലിന്റെ സ്വാഭാവിക അഭിനയവും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് പ്രധാന ആകര്‍ഷണം. വര്‍ഷങ്ങള്‍ക്ക് ശേഷം 'ആറാം തമ്പുരാന്‍' എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ അണിയറശില്പികള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു എന്ന കൗതുകമാണ് പരസ്യത്തെ വൈറലാക്കിയത്.

കെസിഎല്‍ രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗേ്‌ളാബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകളാണ് മത്സരിക്കുക. സഞ്ജുസാംസൺ ഉൾപ്പെടെയുള്ളവർ കെഎസിഎല്ലിൽ അണിനിരക്കുന്നുണ്ട്.