കേരള ക്രിക്കറ്റ് ലീ​ഗിന്റെ പരസ്യചിത്രത്തിൽ മോഹൻലാലും ഷാജികൈലാസും സ്ക്രീൻ​ഗ്രാബ്
Malayalam

സംവിധാനം ഷാജികൈലാസ്,നിർമാണം സുരേഷ്കുമാർ, നായകൻ മോഹൻലാൽ.. കെസിഎൽ പരസ്യത്തിൽ 'ആറാംതമ്പുരാൻ' ടീം

പപ്പപ്പ റിപ്പോര്‍ട്ടര്‍

മോഹൻലാൽ നായകനായി കേരള ക്രിക്കറ്റ് ലീ​ഗിന്റെ(കെസിഎൽ) പരസ്യ ചിത്രം. ലാലിന്റെ ഏറ്റവും വലിയ ഹിറ്റുകളായ 'ആറാംതമ്പുരാനും' 'നരസിം​ഹ'വുമൊരുക്കിയ ഷാജി കൈലാസ് ഇതിൽ സംവിധായകനായി പ്രത്യക്ഷപ്പെടുന്നു. 'ആറാം തമ്പുരാ'ന്റെ നിർമാതാവ് സുരേഷ് കുമാറും പരസ്യത്തിലുണ്ട്.

ഒരു സിനിമാ ഷൂട്ടിങ്ങിന്റെ പശ്ചാത്തലത്തിലുള്ളതാണ് പരസ്യ ചിത്രം. 'നാളെ മുതൽ എന്നെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫ്രീയാക്കണേ' എന്ന ലാലിന്റെ അഭ്യർഥനയിലാരംഭിക്കുന്ന പരസ്യം തുടർന്ന് രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് പുരോ​ഗമിക്കുന്നത്. നിർമാതാവിന്റെ കഥാപാത്രമാണ് സുരേഷ് കുമാറിന്റേത്. അദ്ദേഹത്തിന്റെ തലയിൽ വിരലുകൾ കൊണ്ട് കുസൃതികാണിക്കുന്നതുൾപ്പെടെയുള്ള ലാൽടച്ചുകൾ നിറഞ്ഞുനില്കുകയാണ് പരസ്യത്തിൽ.

കേരള ക്രിക്കറ്റ് ലീ​ഗിന്റെ പരസ്യചിത്രത്തിൽ മോഹൻലാൽ

തിരുവനന്തപുരം ഹോട്ടല്‍ ഹയാത്തില്‍ നടന്ന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് എസ്. കുമാര്‍ പരസ്യ ചിത്രത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പ്രശസ്ത പരസ്യസംവിധായകന്‍ ഗോപ്സ് ബെഞ്ച്മാര്‍ക്കാണ് കെസിഎയ്ക്ക് വേണ്ടി ചിത്രം ഒരുക്കിയത്. 'ആവേശ ക്രിക്കറ്റ് അറ്റ് ഇറ്റ്സ് ബെസ്റ്റ്' എന്ന ത്രസിപ്പിക്കുന്ന ആശയമാണ് ചിത്രത്തിന്റെ കാതല്‍. ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് കെസിഎ മുന്‍ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി നായര്‍ സംസാരിച്ചു.

കേരള ക്രിക്കറ്റ് ലീ​ഗിന്റെ പരസ്യചിത്രത്തിൽ മോഹൻലാൽ,ഷാജികൈലാസ്,സുരേഷ്കുമാർ എന്നിവർ

കേരള ക്രിക്കറ്റ് ലീഗിന്റെ സോണിക് മ്യൂസിക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒയും സി.എഫ്.ഒയുമായ മിനു ചിദംബരം പുറത്തിറക്കി. നടന്‍ നന്ദു കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന മറ്റൊരു പരസ്യ ചിത്രത്തിന്റെ പ്രകാശനം ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സനില്‍ കുമാര്‍ എം.ബി നിര്‍വഹിച്ചു. ചടങ്ങില്‍ നിര്‍മാതാവ് ജി.സുരേഷ് കുമാര്‍, സനില്‍ കുമാര്‍ എം.ബി, നടന്‍ നന്ദു എന്നിവരെ കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍, സീനിയര്‍ അക്കൗണ്ടന്റ് ജനറല്‍ ( സി ആന്‍ഡ് എ.ജി) മുഹമ്മദ് ദാനിഷ് കെ, സി.എഫ്.ഒ മിനു ചിദംബരം എന്നിവര്‍ ആദരിച്ചു. ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രന്‍, കോഴിക്കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ മനോജ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

കേരള ക്രിക്കറ്റ് ലീ​ഗിന്റെ പരസ്യചിത്രത്തിൽ മോഹൻലാൽ

കെസിഎല്‍ രണ്ടാം പതിപ്പ് ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ ആറുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗേ്‌ളാബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകളാണ് മത്സരിക്കുക. സഞ്ജുസാംസൺ ഉൾപ്പെടെയുള്ളവർ കെഎസിഎല്ലിൽ അണിനിരക്കുന്നുണ്ട്.