പുതിയ രണ്ടു നിർമ്മാണ സംരഭങ്ങൾ പ്രഖ്യാപിച്ച് മലയാളത്തിലെ വമ്പൻ സിനിമാ നിർമ്മാണ കമ്പനിയായ കാവ്യ ഫിലിം കമ്പനി. തമിഴിലും മലയാളത്തിലും ആയാണ് വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന വ്യത്യസ്ത ചിത്രങ്ങൾ ഒരുങ്ങുന്നത്. തമിഴിൽ ശരത് കുമാർ നായകനായ ചിത്രമാണെങ്കിൽ, മലയാളത്തിലേത് പ്രശസ്ത ഛായാഗ്രഹകൻ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. കാവ്യ ഫിലിം കമ്പനിയുടെ 12-ാം ചിത്രമായാണ് കമൽ പ്രകാശ് രചിച്ച് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഒരുങ്ങുന്നത്.
ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അനൗൺസ്മെൻ്റ് പോസ്റ്റർ വ്യക്തമാക്കുന്നു. സംഗീതം- ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം- ഗോകുൽ ബെനോയ്, എഡിറ്റിങ്- കലൈ, അഡീഷണൽ തിരക്കഥയും സംഭാഷണവും- തമിഴ് പ്രഭ, കലാസംവിധാനം- എസ്.എസ് മൂർത്തി, ലൈൻ പ്രൊഡ്യൂസർ- ഗോപകുമാർ ജി.കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി.സുശീലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സിനർജി സെന്തിൽ കുമാർ. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സിൽവയും മേക്കപ്പ് റോണക്സ് സേവ്യറും വസ്ത്രാലങ്കാരം ദിനേഷ് മനോഹരനും നിർവഹിക്കുന്നു. യെല്ലോ ടൂത്ത്സിന്റേതാണ് ഡിസൈൻസ്.
കാവ്യ ഫിലിം കമ്പനിയുടെ 14-ാമത് നിർമാണ സംരംഭമാണ് സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം. കൊച്ചി കടവന്ത്രയിലെ കവലക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ഇതിന് തുടക്കമായി. സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ താരനിരയേയും മറ്റ് സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.
ഇവ കൂടാതെ, നിർമാണം പുരോഗമിക്കുന്ന, ജോജു ജോർജ് ചിത്രം 'പരിപാടി'യും കാവ്യ ഫിലിം കമ്പനിയാണ് നിർമിക്കുന്നത്. ഇതുൾപ്പെടെ അഞ്ചോളം ചിത്രങ്ങളാണ് കാവ്യ ഫിലിം കമ്പനി ഈ വർഷം തുടക്കമിടുന്നത്. മാളികപ്പുറം, 2018, രേഖാചിത്രം, ആട് 3 തുടങ്ങിയ ഒരുപിടി വമ്പൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് കാവ്യ ഫിലിം കമ്പനിയാണ്.