'കത്തനാർ' ട്രെയിലർ റിലീസ് പോസ്റ്റർ കടപ്പാട്-ഫേസ്ബുക്ക്
Malayalam

മിത്തും മാന്ത്രികതയും ഇഴചേരുന്ന ദൃശ്യവിസ്മയം; കത്തിക്കയറി 'കത്തനാര്‍' ട്രെയിലര്‍

പപ്പപ്പ ഡസ്‌ക്‌

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'കത്തനാര്‍' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യ നായകനാകുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചകള്‍ക്കു വഴിവച്ചിരിക്കുകയാണ്. കടമറ്റത്ത് കത്തനാരുടെ ഐതിഹ്യങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം, മുന്‍കാലങ്ങളിലെ പതിവ് അവതരണങ്ങളില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും നല്‍കുകയെന്ന സൂചനയാണ് ട്രെയിലറിലുള്ളത്.

2 മിനിറ്റ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ കാണിച്ചിരിക്കുന്ന ദൃശ്യഭംഗിയും ലോകോത്തര നിലവാരത്തിലുള്ള വിഎഫ്എക്‌സും മലയാള സിനിമയ്ക്കു പുതിയൊരു ദൃശ്യവിസ്മയമാണു സമ്മാനിക്കുന്നത്. ഇരുപതുലക്ഷത്തിലധികം പേരാണ് ഒരുദിവസത്തിനുള്ളിൽ ട്രെയിലർ കണ്ടത്. പ്രഭാസ് ഉൾപ്പെടെയുള്ളവർ ഇത് സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.

'ഹോം' എന്ന ചിത്രത്തിനുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മിത്തും മാന്ത്രികതയും നിറഞ്ഞ ഫാന്റസി ലോകമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിടുന്നത്. ജയസൂര്യക്കൊപ്പം തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രഭുദേവ, ഹരീഷ് ഉത്തമന്‍, വിനീത്, ദേവിക സഞ്ജയ്, നിതീഷ് ഭരദ്വാജ് തുടങ്ങിയ വമ്പന്‍ താരനിരയും ട്രെയിലറില്‍ മിന്നിമറയുന്നുണ്ട്.

റോജിന്‍ തോമസും ആര്‍. രാമാനന്ദും ചേര്‍ന്നാണു ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീല്‍ ഡി കുഞ്ഞയുടെ ഛായാഗ്രഹണവും രാഹുല്‍ സുബ്രഹ്‌മണ്യന്‍ ഉണ്ണിയുടെ സംഗീതവും ചിത്രത്തിനു മാറ്റുകൂട്ടുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളില്‍ ഒന്നായാണു വിലയിരുത്തപ്പെടുന്നത്. കൃത്യമായ തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വര്‍ഷംതന്നെ ചിത്രം തിയറ്ററുകളിലെത്തും.