'അനാർക്കലി' എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് പരിചിതനായ ബോളിവുഡ് താരം കബീർ ബേദി വീണ്ടും മലയാളസിനിമയിൽ അഭിനയിക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുധീർ അട്ടാവർ സംവിധാനംചെയ്യുന്ന 'കൊറഗജ്ജ'എന്ന ചിത്രത്തിലൂടെയാണ് കബീർ ബേദി വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. ദൈവത്തിന്റെ കഥ പറയുന്ന ചിത്രം ഫെബ്രുവരിയിൽ റിലീസ് ചെയ്യും.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള പ്രസ് മീറ്റിൽ സംവിധായകൻ സുധീർ അട്ടാവർ, കന്നടയിലെ പ്രമുഖ താരം ഭവ്യ, പ്രൊഡ്യൂസർ ത്രിവിക്രം സഫല്യ എന്നിവർപങ്കെടുത്തു. നാഷണൽ അവാർഡ് നേടുന്നതിൽ 25ശതമാനം മലയാള സിനിമകളാണെന്നും മലയാള സിനിമകളോട് തനിക്ക് പ്രത്യേക ഇഷ്ടമുണ്ടെന്നും കബീർ ബേദി പറഞ്ഞു. ചരിത്രവുമായി ബന്ധമുള്ള 'കൊറഗജ്ജ' പോലുള്ള സിനിമയിൽ അഭിനയിക്കാനായതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. കേരളത്തെയും കേരളീയ ഭക്ഷണത്തെയും, ഇവിടുത്തെ സിനിമകളെയും ഇഷ്ടപ്പെടുന്ന താൻ മലയാളത്തിൽ അവസരങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണെന്ന് കബീർ ബേദി പറഞ്ഞു. ഉദ്യാവര അരശു രാജാവിന്റെ വേഷത്തിലാണ് കബീർ ബേദി ചിത്രത്തിൽ എത്തുന്നത്.
ത്രിവിക്രമ സിനിമാസിന്റെ ബാനറിൽ ത്രിവിക്രമ സഫല്യയാണ് ചിത്രം നിർമ്മിക്കുന്നത്. സക്സസ് ഫിലിംസിന്റെ വിദ്യാധർ ഷെട്ടിയും ഈ സംരംഭത്തിന്റെ ഭാഗമാകുന്നു. കർണാടകയിലെ കറാവളി ഭാഗത്തെ (തുളുനാട്ടിലെ) ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജദൈവത്തിന്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മുത്തപ്പന്റെ കഥയുമായി 'കൊറഗജ്ജ'ക്ക് സാമ്യമുണ്ട്. 800വർഷം മുമ്പാണ് ചിത്രത്തിന് ആസ്പദമായ കഥ നടക്കുന്നത്.
കന്നട, ഹിന്ദി,തമിഴ്, തെലുങ്ക്, മലയാളം തുളു എന്നീ ആറു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദർ. 31 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. 'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' എന്ന ചിത്രത്തിലെ ഡോ.അമ്പിളി എന്ന കഥാപാത്രമായി മലയാളികൾക്ക് ഏറെ പരിചിതയായ ശ്രുതി കൃഷ്ണ ഭൈരകിയുടെ വേഷം ചെയ്യുന്നു. കന്നടയിലെ പ്രമുഖ നടി ഭവ്യ, ഹോളിവുഡ് ബോളിവുഡ് സിനിമകളുടെ കൊറിയോഗ്രാഫറും പ്രശസ്ത ബോൾഡ് ഡാൻസറുമായ സന്ദീപ് സോപാർക്കർ, അടൂർ ഗോപാലകൃഷ്ണന്റെ വിധേയൻ എന്ന സിനിമയിൽ അഭിനയിച്ച നവീൻ ഡി.പട്ടേൽ, പ്രശസ്ത നൃത്ത സംവിധായകൻ ഗണേഷ് ആചാര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധർ അണിനിരക്കുന്ന ചിത്രം എന്ന പ്രത്യേകതയും കൊറഗജ്ജക്കുണ്ട്. ഛായാഗ്രഹണം- മനോജ് പിള്ള. എഡിറ്റിങ് ജിത് ജോഷ്, വിദ്യാദർ ഷെട്ടി. സൗണ്ട് ഡിസൈൻ- ബിബിൻ ദേവ്. വിഎഫ്എക്സ്- ലെവൻ കുശൻ. കളറിസ്റ്റ് ലിജു പ്രഭാകർ. പിആർഒ- മഞ്ജു ഗോപിനാഥ്.