ജോഷി-ഉണ്ണിമുകുന്ദൻ സിനിമയുടെ പ്രഖ്യാപനത്തിന്റെ ഭാ​ഗമായി പുറത്തിറക്കിയ പോസ്റ്റർ അറേഞ്ച്ഡ്
Malayalam

ജോഷിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു; വരുന്നത് വമ്പൻ ആക്ഷൻ ത്രില്ലർ

പപ്പപ്പ റിപ്പോര്‍ട്ടര്‍

മലയാളസിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്തുകൊണ്ട് സംവിധായകൻ ജോഷിയും നടൻ ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേർന്ന് നിർമിക്കുന്ന ഹൈ വോൾട്ടേജ് ആക്ഷൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാകും ഉണ്ണിയെത്തുക. ജോഷിയുടെ ജന്മദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.

മലയാളത്തിൽ ഇന്നുള്ളവരിൽ ഏറ്റവും മുതിർന്ന സംവിധായകനൊപ്പം യുവനായകൻ ചേരുമ്പോൾ അതൊരു നാഴികക്കല്ലായി മാറുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പകരം വെക്കാനില്ലാത്ത പാരമ്പര്യവുമായി നിരവധി തലമുറകളെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ത്രസിപ്പിച്ച ജോഷി, ഉണ്ണിയെ നായകനാക്കി അദ്ഭുതം സൃഷ്ടിക്കുമെന്നും അവർ പറയുന്നു.

ഐൻസ്റ്റിൻ മീഡിയയും ജോഷിയും ഒരുമിക്കുന്നത് രണ്ടാംതവണയാണ്. 'ആന്റണി'യായിരുന്നു ആദ്യ സിനിമ. ദേശീയ അവാർഡ് ലഭിച്ച ‘മേപ്പടിയാൻ’ എന്ന ചിത്രത്തിനും, 100 കോടി ക്ലബ്ബിൽ കയറിയ പാൻ ഇന്ത്യൻ ബ്ലോക്ക്‌ബസ്റ്ററായ 'മാർക്കോ'ക്കും ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് (യു എം എഫ്) നിർമിക്കുന്ന സിനിമയാണ് ജോഷിക്കൊപ്പമുള്ളത്.

‘പൊറിഞ്ചു മറിയം ജോസ്’, ' കിങ് ഓഫ് കൊത്ത' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എൻ. ചന്ദ്രനാണ് ഈ സിനിമയുടെ രചയിതാവ്. 'ആന്റണി', 'പുരുഷ പ്രേതം' എന്നീ ചിത്രങ്ങൾക്ക് ശേഷം തങ്ങൾ നിർമിക്കുന്ന ചിത്രം മലയാളസിനിമയെ ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് ഉയർത്താൻ ഉതകുന്ന ഒന്നാകുമെന്ന് ഐൻസ്റ്റീൻ മീഡിയ പറഞ്ഞു.

യുവ തലമുറയെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലുള്ള ഒരു ചിത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്ന് യുഎംഎഫ് പറയുന്നു. മാർക്കറ്റിങ്ങും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).