ജിഷാദ് ഷംസുദ്ദീന്‍ 'ജയിലർ 2' ഷൂട്ടിങ്ങിനിടെ മോഹൻലാലിനൊപ്പം ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്
Malayalam

'ജയിലർ 2' -ൽ മോഹൻലാലിന്റെ രം​ഗങ്ങൾ വെട്ടിമാറ്റി; പ്രതിഷേധവുമായി സ്റ്റൈലിസ്റ്റ്

പപ്പപ്പ റിപ്പോര്‍ട്ടര്‍

രജനികാന്ത്-നെല്‍സണ്‍ ചിത്രം 'ജയിലര്‍ 2' തിയേറ്ററുകളില്‍ വന്‍ വരവേല്‍പ്പോടെ പ്രദര്‍ശനം തുടരുമ്പോഴും, ചിത്രത്തില്‍ മോഹന്‍ലാലിന്റെ രംഗങ്ങള്‍ വെട്ടിച്ചുരുക്കിയതില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധവും നിരാശയും പുകയുന്നു. ട്രെയിലറില്‍ കാണിച്ച ചില നിമിഷങ്ങളും സിനിമയിലെ പ്രധാന ഭാഗങ്ങളും ഫൈനല്‍ കട്ടില്‍ ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ വിഷയത്തില്‍ പരസ്യമായി നിരാശ പ്രകടിപ്പിച്ച്, ചിത്രത്തിലെ മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമായ ജിഷാദ് ഷംസുദ്ദീന്‍ രംഗത്തെത്തി.

ചിത്രീകരണ സമയത്തെ പ്ലാനുകള്‍ അനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തനം മികച്ചതായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ജിഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ മോഹന്‍ലാലിനായി ഒരുക്കിയ മൂന്ന് വ്യത്യസ്ത ലുക്കുകളും ട്രെയിലറില്‍ ചെറിയൊരംശമായി കാണിച്ച രംഗവും പൂര്‍ണമായി ഒഴിവാക്കപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെപ്പോലൊരു സൂപ്പര്‍താരത്തിന്റെ രംഗങ്ങള്‍ ഇത്തരത്തില്‍ വെട്ടിമാറ്റേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ജിഷാദ് കുറിച്ചു.

'ജയിലർ 2'-ലെ മോഹൻലാലിന്റെ കഥാപാത്രത്തിനായി ജിഷാദ് ഷംസുദ്ദീന്‍ ഡിസൈൻ ചെയ്ത ഷർട്ടുകൾ

തന്റെ പ്രിയ താരത്തിന്റെ സാന്നിധ്യം ഇത്തരത്തില്‍ ചുരുക്കപ്പെട്ടതില്‍ കടുത്ത വിഷമമുണ്ടെന്നും, ജയിലർ 3 വരികയാണെങ്കില്‍ താന്‍ അതിന്റെ ഭാഗമാകില്ലെന്നും ജിഷാദ് തുറന്നടിച്ചു. താന്‍ നില്‍ക്കുന്നത് ലാഭത്തിനോ കളക്ഷന്‍ റെക്കോഡുകള്‍ക്കോ വേണ്ടിയല്ലെന്നും, ആരാധകര്‍ക്കും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും മോഹന്‍ലാലിനും വേണ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷാദ് ഷംസുദ്ദീന്‍ മോഹൻലാലിനൊപ്പം, ജിഷാദ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ്

2023-ല്‍ പുറത്തിറങ്ങിയ 'ജയിലര്‍' ആദ്യഭാഗത്തില്‍ മാത്യു എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നടത്തിയ സ്‌റ്റൈലിഷ് കാമിയോ അപ്പിയറന്‍സ് വന്‍ തരംഗമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിലും മോഹന്‍ലാലിന് വലിയ പ്രാധാന്യം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്ന ആരാധകര്‍ക്ക് വലിയ നിരാശയാണുണ്ടായിരിക്കുന്നത്.