'ഐ ആം ഗെയിം' പാക്കപ്പ് വേളയിൽ ദുൽഖർസൽമാനും സംവിധായകൻ നഹാസ് ഹിദായത്തും അണിയറപ്രവർത്തകർക്കൊപ്പം ഫോട്ടോ-അറേഞ്ച്ഡ്
Malayalam

ദുല്‍ഖറിന്റെ 'ഐ ആം ഗെയിം' പൂര്‍ത്തിയായി; ഓണം റിലീസായി തിയറ്ററുകളിലേക്ക്

പപ്പപ്പ റിപ്പോര്‍ട്ടര്‍

ഡിക്യു ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ഐ ആം ഗെയിം' ചിത്രീകരണം പൂര്‍ത്തിയായി. 'ആര്‍ഡിഎക്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറാണ്. ഷൂട്ടിങ് അവസാനിച്ച വിവരം ദുല്‍ഖറും സംവിധായകനും അണിയറപ്രവര്‍ത്തകരും സെറ്റിലെ ആഘോഷചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മായില്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

'ഐ ആം ഗെയി'മിൽ ദുൽഖർ സൽമാൻ

വന്‍ താരനിരയാണു ചിത്രത്തില്‍ അണിനിരക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. തമിഴ് നടന്‍ കതിര്‍, കയാദു ലോഹര്‍, സംയുക്ത വിശ്വനാഥന്‍ എന്നിവര്‍ക്കു പുറമെ പ്രശസ്ത സംവിധായകനും നടനുമായ മിഷ്‌കിനും പ്രധാന വേഷത്തില്‍ എത്തുന്നു.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനു സംഗീതം നല്‍കുന്നത് ജേക്‌സ് ബിജോയ് ആണ്. ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ക്കേ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.