മലയാള സിനിമയില്‍ യുവതാരങ്ങളെ അണിനിരത്തി ബോക്‌സ്ഓഫീസ് വിജയം നേടിയ 'ഹാപ്പി വെഡ്ഡിങ്' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. തന്റെ ആദ്യ ചിത്രം പുറത്തിറങ്ങി പത്ത് വര്‍ഷം തികയുമ്പോഴാണ് ചിത്രത്തിന്റെ അതിന്റെ രണ്ടാം ഭാഗവുമായി സംവിധായകന്‍ എത്തുന്നത്.
ആദ്യ ഭാഗം പോലെ തന്നെ റൊമാന്റിക് കോമഡി എന്റര്‍ടെയ്നറായിരിക്കും 'ഹാപ്പി വെഡ്ഡിങ്- 2' എന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2016-ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിങ്ങിൽ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. മനേഷ് കെ.എസ്, പ്രനീഷ് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം തിയറ്ററുകളില്‍ വലിയ സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. ദൃശ്യ രഘുനാഥ് നായികയായ ചിത്രത്തില്‍ അനു സിത്താര, ഗ്രേസ് ആന്റണി, മരീന മൈക്കിള്‍ തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
ഒമര്‍ ലുലുവിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 2024-ല്‍ റിലീസ് ചെയ്ത ആക്ഷന്‍ കോമഡി ചിത്രം 'ബാഡ് ബോയ്‌സ്' ആയിരുന്നു. ഒമര്‍ ലുലു തന്റെ സിഗ്‌നേച്ചര്‍ കോമഡി സ്‌റ്റൈലിലേക്കു മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഹാപ്പി വെഡ്ഡിങ്ങിന്റെ രണ്ടാം ഭാഗത്തിനുണ്ട്.