നടി ഗ്രേസ് ആന്റണിയും സംഗീതസംവിധായകൻ എബി ടോം സിറിയക്കും വിവാഹിതരായി. കാക്കനാട് തുതിയൂർ ഔവർ ലേഡി ഓഫ് ഡോളേഴ്സ് റോമൻ കാത്തലിക് പള്ളിയിൽ വച്ചായിരുന്നു മിന്നുകെട്ട്. 'ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി.ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം.
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, അപ്പൻ, നുണക്കുഴി,കനകം കാമിനി കലഹം തുടങ്ങി നിരവധി ചിത്രങ്ങളിലും 'നാഗേന്ദ്രൻസ് ഹണിമൂൺ' എന്ന വെബ്സീരീസിലൂടെയും പ്രേക്ഷകപ്രീതി നേടിയ അഭിനേത്രി ഗ്രേസ് ആന്റണി 2016-ൽ 'ഹാപ്പി വെഡിങ്' എന്ന ചിത്രം മുതൽ അഭിനയത്തിൽ സജീവമാണ്. എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ചർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.