ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഭരതനാട്യം 2: മോഹിനിയാട്ടം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൃഷ്ണദാസ് മുരളിയാണു ചിത്രം ഒരുക്കുന്നത്. ഗോകുലം ഗോപാലന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് നിര്‍മാണ കമ്പനി ഈ വിവരം പുറത്തുവിട്ടത്. താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
'വാഴ 2' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സവിന്‍ സായുമായുള്ള പ്രോജക്ട് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കൃഷ്ണദാസ് മുരളിയുമായുള്ള സഹകരണവും ഗോകുലം മൂവീസ് അറിയിച്ചത്. ബോക്‌സ് ഓഫീസില്‍ 'വാഴ 2', 'മോഹിനിയാട്ടം' എന്നീ ചിത്രങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പുതിയ പ്രഖ്യാപനങ്ങളും എത്തുന്നത്. വിഷു സീസണിലെ കടുത്ത മത്സരത്തിനിടയിലും ഒരു സര്‍പ്രൈസ് ഹിറ്റായി മാറാന്‍ 'മോഹിനിയാട്ട'ത്തിന് സാധിച്ചിരുന്നു.
നിലവില്‍ നിരവധി വന്‍കിട സിനിമകളാണ് ശ്രീ ഗോകുലം മൂവീസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനാകുന്ന റോജിന്‍ തോമസിന്റെ ഹൊറര്‍ ഫാന്റസി ചിത്രം 'കത്തനാര്‍', സുരേഷ് ഗോപിയുടെ 'ഒറ്റക്കൊമ്പന്‍', വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'L 367', എസ്.ജെ. സൂര്യ നായകനാകുന്ന തമിഴ് ചിത്രം 'കില്ലര്‍' തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയ്ക്ക് പുറമെയാണ് യുവ സംവിധായകരെ അണിനിരത്തിയുള്ള പുതിയ പ്രോജക്ടുകളും ഗോകുലം ഗോപാലന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.