മലയാള സിനിമയിലെ അഭിനയവിസ്മയം ഫഹദ് ഫാസില്‍ ഇന്ന് പാന്‍ ഇന്ത്യന്‍ തലത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്ന നിലയിലേക്ക് താരം വളര്‍ന്നെങ്കിലും, അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായ '22 ഫീമെയില്‍ കോട്ടയം' എന്ന ചിത്രത്തിനു ലഭിച്ച പ്രതിഫലം കേട്ട് അമ്പരക്കുകയാണ് ആരാധകര്‍.
ചിത്രത്തിന്റെ നിര്‍മാതാവായ ഒ.ജി. സുനില്‍ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 14 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദിന് നല്‍കിയത് നാലു ലക്ഷം രൂപ മാത്രമായിരുന്നുവെന്ന് സുനില്‍ പറയുന്നു. 'ഫഹദ് ഇന്ന് കോടികള്‍ വാങ്ങുന്നുണ്ടാവാം. അന്ന് അദ്ദേഹത്തിന് ഞാന്‍ നാലു ലക്ഷം രൂപയാണ് കൊടുത്തത്. ഇന്ന് 40 കോടി വരെ വാങ്ങുന്നുണ്ടാകുമെന്ന് തോന്നുന്നു, കൃത്യമായി എനിക്കറിയില്ല.'
ഫഹദ് ഫാസിലിന്റെ രണ്ടാം വരവില്‍ അദ്ദേഹം സോളോ ഹീറോ ആയി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത '22 ഫീമെയില്‍ കോട്ടയം'. ചിത്രത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രം ഫഹദിന്റെ കരിയറില്‍ വലിയ ബ്രേക്ക് നല്‍കി. റിമ കല്ലിങ്കലിന്റെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു.
നിലവില്‍ തെലുങ്കിലും തമിഴിലും തിരക്കുള്ള താരമാണ് ഫഹദ്. എസ്.എസ്. രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയ നിര്‍മിക്കുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് ഫഹദ്. നാലു ലക്ഷത്തില്‍നിന്നുള്ള യാത്ര കോടികളില്‍ എത്തിനില്‍ക്കുമ്പോള്‍, അത് ഫഹദ് എന്ന നടന്റെ കഠിനാധ്വാനത്തിന്റെയും അഭിനയ മികവിന്റെയും തെളിവുകൂടിയാണ്.